കോട്ടയം : നിയന്ത്രണം വിട്ട പാഴ്സൽ ലോറി റോഡരികിലെ കെട്ടിടത്തിലും വൈദ്യുതി തൂണിലും ഇടിച്ചു കയറി.കാണക്കാരി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. കോഴിക്കോട് നിന്നും ചങ്ങനാശ്ശേരിയിലേക്ക് ചെരിപ്പുകളുമായി പോയ പാഴ്സൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കാണക്കാരി ജംഗ്ഷനിലെ വളവിൽ നിയന്ത്രണം വിട്ട് പാഴ്സൽ ലോറി പാതയോരത്തെ കോൺക്രീറ്റ് കെട്ടിടത്തിലേയ്ക്കും തുടർന്ന് ഇലവൻ കെ.വി വൈദ്യുതി ലൈനിന്റെ ഇരുമ്പ് പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിനുള്ളിൽ കുരുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ട് പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പൊയതാണ് അപകടത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. കുറവിലങ്ങാട് പോലീസ് മേൽ നടപടിസ്വീകരിച്ചു.