ലഖ്‌നൗ: ഉത്തർപ്രദേശ് ബി ജെ പിയിൽ നിന്നും ദളിത് നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്കിനിടെ ദളിത് വോട്ടർമാരെ കൂടെ നിർത്തുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്ത്. ഉത്തർപ്രദേശിലെ ഒരു ദളിത് ഭവനം സന്ദർശിച്ച യോഗി കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് പിരിഞ്ഞത്.
സന്ദർശനത്തിനിടെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിയെ വിമർശിച്ച യോഗി, പ്രതിപക്ഷം ഭരിച്ചിരുന്നപ്പോൾ ഉത്തർപ്രദേശിൽ സാമൂഹിക നീതിയല്ല മറിച്ച് സാമൂഹിക ചൂഷണമായിരുന്നു നടന്നിരുന്നതെന്ന് ആരോപിച്ചു. അതേസമയം ബി ജെ പിയുടെ ഭരണത്തിൽ എല്ലാ സമുദായങ്ങൾക്കും തുല്ല്യനീതി നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി ജെ പി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ദളിത് നേതാക്കളായ സ്വാമി പ്രസാദ് മൗര്യ, ധാരാ സിംഗ് ചൗഹാൻ, ധരം സിംഗ് സൈനി എന്നിവർ പാർട്ടി വിട്ട് സമാജ്വാദി പാർട്ടി ഓഫീസിൽ എത്തി അംഗത്വം എടുത്തതിന് തൊട്ടുപിറകേയാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂരിലെ ഒരു ദളിത് കുടുംബത്തിലെത്തി അവരോടൊപ്പം ആഹാരം കഴിച്ചതെന്നത് ശ്രദ്ധേയമാണ്. ബി ജെ പിക്കുള്ളിൽ ദളിത് വിരുദ്ധതയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് മൂന്ന് പേരും മന്ത്രിസ്ഥാനവും പാർട്ടി അംഗത്വവും ഉപേക്ഷിച്ച് സമാജ്വാദി പാർട്ടിയിൽ ചേർന്നത്. ഇതിനോടകം മൂന്ന് മന്ത്രിമാരുൾപ്പെടെ എട്ടോളം ദളിത് എം എൽ എമാരാണ് ബി ജെ പി വിട്ട് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിയിൽ ചേർന്നത്.