ഇന്ത്യ-ഇറാന് ബന്ധം സര്‍വ്വതല സ്പര്‍ശിയായി മുന്നേറിയ കാലഘട്ടമാണ് അന്തരിച്ച ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടേത്.ഇന്ത്യയുമായി ആഭ്യന്തരവും നയപരവുമായ ബന്ധം അതിശക്തമായി സൂക്ഷിക്കാന്‍ റഈസിക്കു കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നടന്ന സുപ്രധാന കരാറാണ് ചബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനുമായി ഇന്ത്യ നടത്തിയ സുപ്രധാന കാരാര്‍. കരാര്‍ പ്രകാരം അടുത്ത പത്ത് വര്‍ഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യയ്ക്കാണ്. ഈ കരാര്‍ പാകിസ്ഥാനും ചൈനയ്ക്കും അമേരിക്കയ്ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഇറാനുമായുള്ള കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യന്‍ ജനതയുമായി പങ്കുവെച്ചത്. ചബഹാറിലെ ഷാഹിദ് ബഹിഷ്തി ടെര്‍മിനല്‍ 10 വര്‍ഷത്തേക്ക് ഇന്ത്യ പ്രവര്‍ത്തിപ്പിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ത്യ-ഇറാന് ബന്ധത്തിന്റെയും പ്രാദേശിക ബന്ധത്തിന്റെയും ചരിത്ര നിമിഷമെന്നാണ് ഈ കരാറിനെ കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ ഇന്‍ഡിയോ പോര്‍ട്ട്സ് ഗ്ലോബല്‍ ലിമിറ്റഡും (ഐപിജിഎല്‍) ഇറാന്റെ തുറമുഖങ്ങളും മാരിടൈം ഓര്‍ഗനൈസേഷനും (പിഎംഒ) തമ്മിലാണ് ഈ കരാര്‍ ഒപ്പിട്ടത്. ഇന്ത്യയ്ക്ക് പുറത്ത് തുറമുഖങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് IPGL സൃഷ്ടിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ വിദേശത്ത് ഒരു തുറമുഖം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇറാനുമായുള്ള കരാറില്‍ അമേരിക്ക രോഷാകുലരാണ്. ഇറാനുമായി കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക എത്തി. ഇറാനുമായുള്ള വ്യാപാര ഇടപാടുകള്‍ പരിഗണിക്കുന്നവര്‍ ഉപരോധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം പറഞ്ഞത്. കരാര്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഇറാന് ഭരണാധികാരിയുടെ ദീര്‍ഘ വീക്ഷണവും ഇന്ത്യുമായുള്ള സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇസ്രയേലിന്റെ അധിനിവേശം ഗസ്സിയില്‍ നടക്കുന്ന വേളയിലാണ് ഈ കരാര്‍ നടക്കുന്നതെന്ന വലിയ പ്രത്യേകതയുമുണ്ട്.