ചേര്‍ത്തല: വീട്ടിലെ അമിതമായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയ്ക്ക് പൊള്ളലേറ്റതായി പരാതി. ചേര്‍ത്തല ഒറ്റപ്പുന്നയ്ക്ക് സമീപം കളത്തിപ്പറമ്പില്‍ നാസറിന്റെ വീട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് നാസര്‍ പറഞ്ഞത്: ‘വീടിന്റെ വെളിയില്‍ നിന്നിരുന്ന ഭാര്യ റഷീദയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയത്ത് മകന് നദീറിന്റെ ഒന്നര വയസുളള മകന് ഇഷാന് അടുക്കള ഭാഗത്തെ കമ്പിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. റഷീദ ഓടിയെത്തി കുട്ടിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവഹിച്ചു. വീടിനുള്ളിലെ ബള്‍ബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു.’
കൈയ്ക്ക് പൊള്ളലേറ്റ കുട്ടിയെ ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം ഐസിഎച്ചിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം നടന്ന ഉടനെ പട്ടണക്കാട് കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് അവര്‍ എത്തിയതെന്നും നാസറും കുടുംബവും ആരോപിച്ചു. സമീപത്തെ ചില വീടുകളിലും അമിതമായ വൈദ്യുതി പ്രവാഹം ഉണ്ടായിട്ടുണ്ട്. അമിതമായ വൈദ്യുതി പ്രവാഹത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ വീടുകള്‍ക്ക് സമീപമാണ് 11 കെ വി ഇലക്ട്രിക് സ്റ്റേഷനുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിതായി കെഎസ്ഇബി അറിയിച്ചു.