ബെംഗളൂരു: കർണാടക കേന്ദ്രീകരിച്ച് റജിസ്റ്റർ ചെയ്ത വിവിധ തീവ്രവാദ, ഗൂഢാലോചനാക്കേസുകളുമായി നടത്തിയ മിന്നൽ റെയ്ഡിന്റെ കൂടുതൽ വിവരം പുറത്തുവിട്ട് എൻഐഎ. വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎയുടെ മിന്നൽ റെയ്ഡ് നടന്നത്. രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി.
നാല് സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിൽ റെയ്ഡ് നടത്തി, ഡിജിറ്റൽ തെളിവുകളും നിർണായക രേഖകളും പിടിച്ചെടുത്തു. 2012ലെ ലഷ്കര്-ഇ-തൊയ്ബ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട രണ്ട് പേരുടെ വീടുകളിലും റെയ്ഡ് നടത്തി. ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും എൻഐഎ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്ധ്രാപ്രദേശിലെ അനന്ത് പൂരിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലും അടക്കം റെയ്ഡുകൾ നടന്നു. കോയമ്പത്തൂരിലെ സായ് ബാബ റോഡിൽ ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ വീട്ടിലാണ് രാവിലെ മുതൽ എൻഐഎ പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഹൈദരാബാദ് റായദുർഗ സ്വദേശി സുഹൈലിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ഹാർഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്.
2023- ജൂലൈയിൽ ബെംഗളുരുവിൽ അടക്കം വിവിധ ഇടങ്ങളിൽ തീവ്രവാദ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 ഒക്ടോബറിൽ ഈ കേസ് എൻഐഎ ഏറ്റെടുത്തു. ജയിലിൽ വച്ച് വിവിധ പെറ്റി കേസുകളിൽ പ്രതികളായി എത്തിയവരെ തീവ്രവാദ പ്രവർത്തനത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. പിന്നീട് രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലും ഈ തീവ്രവാദ സംഘത്തിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തി. ഈ മൂന്ന് കേസുകളിലും സംയുക്തമായാണ് എൻഐഎ ഇപ്പോൾ അന്വേഷണം നടത്തുന്നത്.