തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരായ ‘ഗൂഢാലോചന’ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്.ബിജെപിയില്‍ ചേരാൻ ശ്രമിച്ച സിപിഎം ഉന്നത നേതാവ് ഇപി ജയരാജൻ ആണെന്ന ശോഭയുടെ വെളിപ്പെടുത്തലിലാണ് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ പരാതി നല്‍കിയത്. ജയരാജൻ വക്കീല്‍ നോട്ടിസും അയച്ചിരുന്നു. ആരോപണങ്ങള്‍ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും 2 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കില്‍ നോട്ടിസില്‍ ഇ.പി ആവശ്യപ്പെട്ടത്. അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടിസ് അയച്ചത്.
ഇപി ഡിജിപിക്ക് നല്കിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷി ച്ചത്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ല. കോടതി നിർദ്ദേശ പ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പൊലിസ് വ്യക്തമാക്കി.ഇപിയുടെയും മകന്റേയും മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ കഴകൂട്ടത്തെ ഫ്ലാറ്റിലുണ്ടായിരുന്നത് കുറച്ച് സമയം മാത്രമാണെന്നും പൊലീസ് വിലയിരുത്തി. കോടതി വഴി നീങ്ങുമെന്ന് ഇ പി ജയരാജന് പ്രതികരിച്ചു. താനയച്ച വക്കീല്‍ നോട്ടീസിന് ഇതുവരെ സുധാകരനും ശോഭയും മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപി ജയരാജന്റെ മകൻ തനിക്ക് മെസ്സേജ് അയച്ചിരുന്നെന്നും ഇപി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായിക്കറിയാമെന്നും ആയിരുന്നു ശോഭയുടെ ആരോപണം. ബിജെപിയില്‍ പോകുമെന്ന ആരോപണങ്ങള്‍ ഇപി തള്ളിയതിന് പിന്നാലെയാണ് ഇത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തകരിലൊരാളെ വിളിച്ച് മെസ്സേജ് കാട്ടിയാണ് ശോഭ വെളിപ്പെടുത്തല്‍ നടത്തിയത്. പ്ലീസ് നോട്ട് മൈ നമ്ബർ എന്നതാണ് മെസ്സേജ്. കഴിഞ്ഞ വർഷം ജനുവരി 18നാണ് മെസ്സേജ് അയച്ചിരിക്കുന്നതെന്നാണ് വിവരം. ഇപി ജയരാജന്റെ മകൻ ശോഭാ സുരേന്ദ്രന് മെസ്സേജ് അയയ്ക്കേണ്ട കാര്യമെന്താണെന്നും ഇപിയുടെ കുടുംബത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും ശോഭ പറയുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേർക്കുന്നതിനായുള്ള മെമ്പർഷിപ് ഡ്രൈവിന്റെ അഖിലേന്ത്യാ തലത്തിലെ കോ-കണ്‍വീനർ ആണ് താനെന്നും നന്ദകുമാർ പറയുന്നത് പോലെ ചുമതല കിട്ടാൻ ആരുടെയും പുറകെ നടക്കുന്ന ആളല്ല താനെന്നും അവർ കൂട്ടിച്ചേർത്തു.
“ബഹുമാനപ്പെട്ട ഇപി ജയരാജൻ കേരളത്തില്‍ ജീവിച്ചിരിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ല. പാർട്ടിയിലേക്ക് ഒരാളെ ചേർക്കാനുള്ള കടമ്ബകളെല്ലാം പൂർത്തിയായി, അയാള്‍ അവസാന നിമിഷം പിന്മാറിയാല് എനിക്ക് കൂടിയാണ് അത് ദോഷം ചെയ്യുക. എന്നിട്ടും ഇതുവരെ ഞാനിക്കാര്യം ആരോടും പറഞ്ഞില്ല. കാരണം കുപ്രസിദ്ധമായ ഒരു കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ നിന്ന് തുടങ്ങിയതാണ് ഞങ്ങളുടെ ബലിദാനികളെ സൃഷ്ടിക്കാൻ. അദ്ദേഹം കേരളത്തിലെന്തൊക്കെ ചെയ്യും എന്ന് ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും നാളും ഒന്നും പറയാതിരുന്നത്. പക്ഷേ ഇതെല്ലാം എന്നെക്കൊണ്ട് പറയിച്ചതാണ്.