ഓസ്ലോ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് നോര്‍വേ വിദേശകാര്യ മന്ത്രി എസ്പെന് ബാര്‍ട്ട് ഈഡ് പറഞ്ഞു.അന്താരാഷ്ട്ര നിയമപ്രകാരം തുര്‍ക്കി ഒഴികെ യൂറോപ്പിലെ ഏത് രാജ്യവും അവരെ അറസ്റ്റ് ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കിയൊഴികെ 44 യൂറോപ്യന്‍ രാജ്യങ്ങള്‍ ഐ.സി.സിയില്‍ അംഗങ്ങളാണ്. ദക്ഷിണാഫ്രിക്കയും ബെല്‍ജിയവും ഐ.സി.സിയുടെ അറസ്റ്റ് വാറൻ്റിനെ പിന്തുണച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും മൂന്ന് ഹമാസ് നേതാക്കള്‍ക്കുമെതിരെ ഐ.സി.സി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യഹ്യ സിന്‍വാര്‍ അടക്കമുള്ള മൂന്ന് ഹമാസ് നേതാക്കള്‍ക്കാണ് അറസ്റ്റ് വാറൻ്റ് ലഭിച്ചത്. ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയതിനും തുടര്‍ന്ന് ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളിലുമാണ് നടപടി. അല്‍ഖസ്സാം ബ്രിഗേഡ് തലവന്‍ മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍മസ്രി, ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായേല്‍ ഹനിയ്യ എന്നിവരാണ് അറസ്റ്റ് വാറൻ്റ് നേരിടുന്ന മറ്റ് ഹമാസ് നേതാക്കള്‍.
സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തില്‍ ഗുരുതരമായി പരുക്കേല്‍പ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂര്‍വമായ കൊലപാതകം, സിവിലിയന്‍ ജനതയ്ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇസ്രായേലിനെതിരെ ചുമത്തിയിരിക്കുന്നത്.