കോട്ടയം : നാഗമ്പടത്ത് വൈദ്യുതി ലൈനിന് മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനെ ചൊല്ലി കെ എസ് ഇ ബിയും അഗ്നി രക്ഷാ സേനയും തർക്കം തുടരുന്നതിനിടെ ചാഞ്ഞ മരത്തിനടിയിലൂടെ ജീവൻ പണയം വെച്ച് കടന്നുപോകുന്നത് നിരവധി വാഹനങ്ങൾ. നാഗമ്പടം ബസ്റ്റാൻഡിനു മുന്നിലെ റോഡിലെ ഗതാഗതം പോലും നിയന്ത്രിക്കാതെയാണ് അധികൃതർ മരം വെട്ടുന്നതിന് ചൊല്ലി തർക്കിക്കുന്നത്. മരം ഒന്ന് റോഡിലേക്ക് ചാഞ്ഞാൽ സ്വകാര്യ ബസ്സുകൾ അടക്കമുള്ള വാഹനങ്ങളെ ഇത് അപകടത്തിൽ ആക്കും. ഈ സാഹചര്യത്തിലാണ് സാധാരണക്കാരുടെ സുരക്ഷയെ ഗൗനിക്കാതെ അധികൃതരുടെ തർക്കം തുടരുന്നത്. ജെസിബി വിളിച്ചു മാറ്റി മുകളിൽ കയറി മരം മുറിച്ചു മാറ്റണം എന്നാണ് കെഎസ്ഇബിയുടെയും അഗ്നിരക്ഷാസേനയുടെയും നിലപാട്. എന്നാൽ ഇതിൻറെ പണം ആര് നൽകും എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം തുടരുന്നത്. നാഗമ്പടം സെൻ്റ് ആൻ്റണീസ് പള്ളിയുടെ എതിർ വശത്ത് നാഗമ്പടം മൈതാനത്ത് നിന്ന് മരമാണ് റോഡിലേക്ക് ചരിഞ്ഞത്. മൈതാനത്തിന്റെ സമീപത്തു കൂടി പോകുന്ന കെഎസ്ഇബി ലൈനിൽ തങ്ങിയ മരം റോഡിലേക്ക് വീഴാതെ നിന്നു. സംഭവമറിഞ്ഞ് നാട്ടുകാർ പോലീസിനെയും കെഎസ്ഇബി അധികൃതരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. മൂന്നു കൂട്ടരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കെഎസ്ഇബി ലൈൻ മുറിച്ചുമാറ്റി മരം മുറിക്കാൻ ആവില്ലെന്ന് നിലപാട് കെഎസ്ഇബി അധികൃതർ എടുത്തതായി അഗ്നിരക്ഷാസേന പറയുന്നു. ലൈൻ മുറിക്കാതെ മരം എടുത്തുമാറ്റാൻ ആവില്ലെന്ന് അഗ്നിരക്ഷാസേനയും നിലപാട് എടുത്തു. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ തർക്കിച്ച് നാഗമ്പടത്ത് തുടരുകയാണ്. മരമാകട്ടെ ഏതുനിമിഷവും റോഡിലേക്ക് വീഴാം എന്ന സ്ഥിതിയിലും.