ഡല്‍ഹി : ബംഗ്ലാദേശ് എം.പി അൻവാറുള്‍ അസീം അനാർ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗ്ലാദേശ് സ്വദേശിയും കേസിലെ മുഖ്യപ്രതിയുമായ അക്തറുസ്മാൻ ഷാഹിന്റെ കാമുകിയുമായ ശിലാസ്‌തി റഹ്മാനാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എം.പിയെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയതായി കരുതുന്ന അക്തറുസ്മാൻ ബംഗ്ലാദേശ് വംശജനായ യു.എസ് പൗരനാണ്. ഇയാളുടെ കൊല്‍ക്കത്ത ന്യൂടൗണ്‍ ഏരിയയിലുള്ള വാടകവീട്ടിലാണ് എം.പി കൊല്ലപ്പെട്ടത്. അൻവാറുള്‍ കൊല്ലപ്പെടുമ്ബോള്‍ ശിലാസ്തിയും കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. ഇവർ മേയ് 15നാണ് ധാക്കയിലേക്ക് മടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. വാടകകൊലയാളിയ്ക്കൊപ്പമാണ് ഇവർ മടങ്ങിയതെന്നും റിപ്പോർട്ടുണ്ട്.
അൻവാറുല്‍ അസിമിനെ ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിക്കാൻ ശിലാസ്തിയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഫ്ലാറ്റില്‍ നിന്ന് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും രണ്ട് വലിയ പെട്ടികളുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ ഒരാളെ ബംഗാള്‍ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്‌തിരുന്നു, . ബംഗ്ലാദേശ് ഖുല്‍ന ജില്ലയിലെ ബരക്‌പൂർ സ്വദേശിയായ വാടകക്കൊലയാളിയാണ് അറസ്റ്റിലായതെന്ന് സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു. മുംബയില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്നു പ്രതി. അൻവറുള്ളിനെ വധിക്കാൻ ക്വട്ടേഷൻ നല്‍കിയെന്ന് കരുതുന്ന അക്തറുസ്‌മാന്റെ നിർദേശപ്രകാരമാണ് പ്രതി രണ്ടുമാസം മുമ്ബ് കൊല്‍ക്കത്തയില്‍ നിന്ന് മുംബയിലെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോട്ടലിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അൻവറുള്ളിനെ വധിക്കാൻ അഞ്ച് കോടി രൂപയുടെ ക്വട്ടേഷനാണ് അക്തറുസ്‌മാൻ കൊലയാളികള്‍ക്ക് നല്‍കിയത്. ഇതിന്റെ ഒരു വിഹിതം അറസ്റ്റിലായ കൊലയാളിക്ക് കൈമാറിയിരുന്നതായും സിഐഡി അറിയിച്ചു.
കൊല്ലപ്പെട്ട എംപിയുടെ അടുത്ത സുഹൃത്തായിരുന്നു അക്തറുസ്‌മാൻ. ഇവർ ചേർന്ന് സ്വർണക്കടത്ത് നടത്തിയിരുന്നതായി ചില ബംഗ്ലാദേശ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അവാമി ലീഗ് പാർട്ടിയംഗമാണ് കൊല്ലപ്പെട്ട അൻവറുള്‍ അസിം അനാർ. മേയ് 13 മുതലാണ് കൊല്‍ക്കത്തയില്‍ നിന്ന് അൻവറുള്ളിനെ കാണാതായത്. ഇദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാർത്ത ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ ആണ് പുറത്തുവിട്ടത്.