കോഴിക്കോട് റോട്ടറി ക്ലബ് മെയ് 22ന് സംഘടിപ്പിച്ച പരിപാടിയില്‍ ബിസിനസ്സുകാരെ വിളിച്ചതുമായി ബന്ധപ്പെട്ട് കാണികള്‍ ഇടപെട്ട് ബിസിനസ് മോട്ടിവേറ്റർ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ച വീഡിയോ പ്രചരിക്കുന്നതിനിടെയാണ് അനില്‍ ബാലചന്ദ്രന്റെ പുതിയ ഫേസ്ബുക് പോസ്റ്റ്. ‘എന്നെ അറിയുന്നവർക്ക് ഒരു വിശദീകരണം ആവിശ്യമില്ല, എന്നെ അറിയാത്തവരോട് ഒന്നും വിശദീകരിക്കണ്ട ആവിശ്യവുമില്ല’ എന്ന കുറിപ്പോടെയാണ് അനിലിന്റെ പുതിയ ഫേസ്ബുക് പോസ്റ്റ്. മെയ് 22ന് റോട്ടറി ക്ലബ് സൈബർ സിറ്റി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയാണ് കാണികള്‍ നിർത്തിച്ചത്. തുടരെ ബിസിനസ്സുകാരെ തെറിവിളിച്ചു സംസാരിസിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാണികളായ ബിസിനെസ്സുകാർ മുന്നോട്ട് വന്ന് അത് ചോദ്യം ചെയ്തത്. പിന്നീട് വാക്കുതർക്കം ആവുകയും സംഘാടകർ പരിപാടി നിർത്തുകയുമായിരുന്നു.
ഉച്ചയ്ക്ക് 1:30 ന് ആയിരുന്നു പരിപാടി ആരംഭിക്കാൻ ഷെഡ്യൂള്‍ ചെയ്തത് എന്നാല്‍ അനില്‍ ബാലചന്ദ്രൻ ഹോട്ടലില്‍ നിന്നും പരിപാടിക്ക് ഇറങ്ങാൻ തയ്യാറായിരുന്നില്ല. പ്രതീക്ഷിച്ച ആളുകള്‍ ഇല്ല എന്നായിരുന്നു ഇയാളുടെ പ്രതികരണം എന്ന് ബന്ധപ്പെട്ടവർ പറയുന്നു. പിന്നീട് പലരെക്കൊണ്ടും സംസാരിപ്പിച്ച് ആണ് ഒടുവില്‍ ഒരുമണിക്കൂറിനു ശേഷം അനില്‍ വേദിയിലെത്തിയത്. ഇയാളുടെ പ്രതിഫലം 4 ലക്ഷം രൂപയും ജിഎസ്ടിയും നല്‍കിയിട്ടുണ്ടെന്നും വലിയ ഡിമാന്റുകളാണ് അനില്‍ വച്ചുകൊണ്ടിരുന്നതെന്നും സംഘാടകർ പറയുന്നു. എന്നാല്‍ പരിപാടി ആരംഭിച്ചു കഴിഞ്ഞപ്പോള്‍ പ്രസംഗത്തിനിടെ അനില്‍ തെറിവിളിച്ച് സംസാരിക്കുകയായിരുന്നു. ക്ഷമകെട്ട കാണികള്‍ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഒടുവില്‍ സംഘാടകർ പരിപാടി നിർത്തുകയാണ് എന്ന് അറിയിക്കുകയായിരുന്നു. അനിലിനെയും സംഘത്തെയും കൂകിവിളിച്ചാണ് കാണികള്‍ യാത്രയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.