തിരുവനന്തപുരത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ക്രൈം റിപ്പോർട്ടർ
കോട്ടയം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വാട്‌സ്അപ്പിൽ പ്രചരിപ്പിക്കുന്ന അൻപതിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലെ അഞ്ഞൂറിലേറെ ഉപഭോക്താക്കളെ കണ്ടെത്തി പൊലീസ്. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഓപ്പറേഷൻ പി.ഹണ്ട് പരിശോധന ആരംഭിച്ചു. അൻപത് വാട്‌സ്അപ്പ് ഗ്രൂപ്പികളിലായി അഞ്ഞൂറോളം പേരെയാണ് പരിശോധനയുടെ ഭാഗമായി പൊലീസ് സംഘം നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. ഇവരുടെ വീടുകളിൽ അടക്കം സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെമ്പാടുമായി 512 പേരുടെ പട്ടികയാണ് സൈബർ സെൽ തയ്യാറാക്കിയിരിക്കുന്നത്. ഇവരെ ആറു മാസത്തോളമായി പൊലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇവർ നിരന്തരം കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്യുന്നതായും ഷെയർ ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് സൈബർ സെൽ ലോക്കൽ പൊലീസിന്റെ സഹായത്തോടെ സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ അശ്ലീല വീഡിയോ നിരന്തരം കാണുന്നവരെ കണ്ടെത്തിയാണ് പൊലീസ് പരിശോധന ആരംഭിച്ചിരിക്കുന്നത്.
കൊച്ചി 63 സ്ഥലങ്ങളിലും, തിരുവനന്തപുരം 27 സ്ഥലങ്ങളിലും, കോഴിക്കോട് 63 സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. കോട്ടയം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. മുൻപ് സംസ്ഥാന വ്യാപകമായി ഇത്തരം പരിശോധനകളിൽ കണ്ടെത്തിയ ആളുകളെയാണ് ഇപ്പോൾ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി മുൻപ് പിടിയിലായവരിൽ പലരും തങ്ങളുടെ വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെ പേരു മാറ്റി വീണ്ടും സജീവമായി ഇറങ്ങിയതായി സൂചനയുണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെമ്പാടും പരിശോധന ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്റർപോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ അശ്ലീല വീഡിയോ ഷെയർ ചെയ്തവരെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം കമ്പ്യൂട്ടറും, ലാപ്പ്‌ടോപ്പും മൊബൈൽ ഫോണും അടക്കം പിടിച്ചെടുക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.