മുംബൈ: കീർത്തി വ്യാസ് കൊലപാതക കേസിൽ അപൂർവ്വ വിധിയുമായി മുംബൈ സെഷൻസ് കോടതി. കൊല്ലപ്പെട്ട കീർത്തി വ്യാസിന്റെ മൃതദേഹം ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കീർത്തിയുടെ സഹപ്രവർത്തകർ ആയിരുന്ന സിദ്ധേഷ്, ഖുഷി എന്നിവർക്കാണ് ശിക്ഷ. 2018ലാണ് മുംബൈ അന്ധേരിയിലെ സലൂണിൽ മാനേജറായിരുന്ന കീർത്തി വ്യാസ് കൊല്ലപ്പെടുന്നത്.
സംഭവ ദിവസം കാണാതായ കീർത്തി, കാറിൽ കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സഹപ്രവർത്തകരിലേക്ക് അന്വേഷണം നീണ്ടു. ഇവർ കീർത്തിയെ കാറിൽവച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലിലേക്ക് തള്ളിയെന്ന് പോലീസ് കണ്ടെത്തി. ജോലിയിൽ വീഴ്ച വരുത്തിയതിന് സിദ്ധേഷിനെ കീർത്തി താക്കീത് ചെയ്തതും വിവാഹിതയായ ഖുഷിയുമായിയുള്ള ഇയാളുടെ അടുപ്പം ചോദ്യം ചെയ്തതുമായിരുന്നു കൊലപാതക കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹം വേലിയേറ്റ സമയത്ത് കടലിൽ തള്ളിയതിനാൽ പിന്നീട് അത് കണ്ടെടുക്കാൻ കഴിഞ്ഞില്ല. കാറിൽ നിന്ന് ലഭിച്ച കീർത്തിയുടെ രക്തസാംപിളും പ്രതികളുടെ ഫോൺ റെക്കോർഡുകളും മറ്റ് സാങ്കേതിക തെളിവുകളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഇത് അംഗീകരിച്ച മുംബൈ സെഷൻസ് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.