തൃശൂർ: താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ തൃശൂരില്‍ പരസ്പരം പഴിചാരിയും വിജയമവകാശപ്പെട്ടും മുന്നണികള്‍. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന് ആരോപിച്ചു. കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു.
പത്തു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ ജനഹിതമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്റെ ചുമതലക്കാരന് കൂടിയായ ടി എന്‍ പ്രതാപന് ആരോപണത്തിന്റെ കെട്ടഴിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ കാല് ലക്ഷം വോട്ടിന് കെ മുരളീധരന് വിജയിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം സിപിഐയെ കാലുവാരിയെന്നാണ് ടി എൻ പ്രതാപന്റെ ആരോപണം. ഇഡി കേസൊതുക്കാന്‍ വോട്ടുചെയ്യാതിരുന്നും സിപിഎം ബിജെപിയെ സഹായിച്ചു എന്നും പ്രതാപന് ആരോപിച്ചു. പ്രതാപന്റെ ആരോപണം ബാലിശമെന്നായിരുന്നു എൽഡിഎഫ് തൃശൂർ ജില്ലാ കണ്‍വീനർ അബ്ദുള്‍ ഖാദറിന്റെ മറുപടി. കെ മുരളീധരനെ പ്രതാപനും തൃശൂരിലെ കോണ്‍ഗ്രസുകാരും ബലിയാടാക്കി എന്നാണ് പ്രത്യാരോപണം. എത്ര സ്ഥലങ്ങളിൽ മുരളീധരനായി പ്രതാപൻ വോട്ട് അഭ്യർത്ഥിച്ച് പോയിട്ടുണ്ടെന്നും അബ്ദുള്‍ ഖാദർ ചോദിക്കുന്നു.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള മേല്‍ക്കൈ നിലനിര്‍ത്തി പതിനയ്യായിരത്തിലേറെ വോട്ടിന് സുനില്‍ കുമാര്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ താഴെത്തട്ടില്‍ നിന്നുള്ള കണത്ത്. എന്‍ഡിഎയും ഇന്നലെ അവസാനവട്ട അവലോകന യോഗം ചേര്‍ന്നിരുന്നു. സുരേഷ് ഗോപിക്കനുകൂലമായ തരംഗം മണ്ഡലത്തിലുണ്ടായെന്നാണ് അവരുടെ കണക്കുകൂട്ടല്‍. നാല് ലക്ഷത്തിലേറെ വോട്ട് മൊത്തം നേടും. പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം അമ്പതിനായിരം. കൂട്ടിക്കിഴിക്കുമ്പോഴും ന്യൂനപക്ഷ വോട്ടുകളുടെ ഗതിയെങ്ങോട്ടെന്നാണ് മൂന്ന് മുന്നണികളും ഉറ്റുനോക്കുന്നത്.