ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുളള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത ദൗത്യത്തിന് മുന്നോടിയായി ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് നാസ വിപുലമായ പരിശീലനം നൽകും. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലും യുഎസ് കൊമേർസ്യൽ സർവീസും വെള്ളിയാഴ്ച ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘യുഎസ്-ഇന്ത്യ കൊമേഴ്സ്യൽ സ്പേസ് കോൺഫറൻസ്: അൺലോക്കിങ് ഓപ്പർച്യൂനിറ്റീസ് ഫോർ യുഎസ് ആന്റ് ഇന്ത്യൻ സ്പേസ് സ്റ്റാർട്ടപ്പ്സ്’ലാണ് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സംയുക്ത ദൗത്യം ലക്ഷ്യമിട്ടാണ് നാസ ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് അത്യാധുനിക പരിശീലനം നൽകുന്നത്. ഈ വർഷം തന്നെ അതുണ്ടാകാനാണ് സാധ്യത. കൂടാതെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് നിസാർ ഉപഗ്രഹം താമസിയാതെ വിക്ഷേപിക്കുമെന്നും അദേഹം അറിയിച്ചു. യുഎസ്-ഇന്ത്യ സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെംഗളൂരുവിൽ നടന്ന ഒരു ദിവസം നീണ്ടുനിന്ന പരിപാടിയാണിത്. ഇതിൽ ഗാർസെറ്റി ഉൾപ്പടെയുള്ള യുഎസിന്റെയും ഇന്ത്യയുടെയും ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ ഡോ. എസ് സോമനാഥ്, നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) പ്രതിനിധികൾ, ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA), വാണിജ്യ ബഹിരാകാശ വ്യവസായ രംഗത്തെ പ്രമുഖർ, വ്യവസായ പങ്കാളികൾ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, മാർക്കറ്റ് അനലിസ്റ്റുകൾ ഉൾപ്പടെയുള്ളവർ പരിപാടിയില്‍ പങ്കെടുത്തു.