റിങ്കുവും രാഹുലും ടീമിൽ ഇല്ലാത്തത് ഇന്ത്യയ്ക്ക് തലവേദനയാകും ; കപ്പടിക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ വിലയിരുത്തി മുൻ താരം 

മുംബൈ : ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിനായി ടീമുകളെല്ലാം ഇതിനോടകം അവിടെയെത്തിക്കഴിഞ്ഞു.ഇന്ത്യന്‍ ടീം അമേരിക്കയിലാണ് പരിശീലനം നടത്തുന്നത്. ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്. സ്പിന്‍ അനുകൂല പിച്ചായതിനാല്‍ നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.

Advertisements

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലിന് ഇടം ലഭിക്കാതെ പോയപ്പോള്‍ റിങ്കു സിങ്ങും ശുബ്മാന്‍ ഗില്ലും റിസര്‍വ് താരങ്ങളായാണ് ഉള്‍പ്പെട്ടത്. റിങ്കു സിങ് ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറാണെന്നിരിക്കെ താരത്തെ ഇന്ത്യ റിസര്‍വ് താരമാക്കിയതില്‍ വലിയ അതൃപ്തി പലര്‍ക്കുമുണ്ട്. റിങ്കു ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ റിങ്കുവിനെപ്പോലും ഇന്ത്യ റിസര്‍വ് താരമായി ഒതുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം കപ്പടിക്കാന്‍ ശേഷിയുള്ളവരുടേതാണെന്നും റിങ്കു സിങ്ങിനെപ്പോലും റിസര്‍വ് താരമായി പരിഗണിച്ചത് ഇന്ത്യന്‍ ടീമിന്റെ കരുത്ത് എന്താണെന്ന് തെളിയിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ ദിലീപ് വെങ്‌സര്‍ക്കാര്‍. ‘ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. രാഹുലും ഗില്ലും റിങ്കുവും പോലും പുറത്തിരിക്കണമെങ്കില്‍ ടീം എത്രത്തോളം ശക്തമാണെന്ന് നോക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് വളരെ കരുത്തുറ്റ നിരയാണ്. നിലവിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായതിനാല്‍ ലോകകപ്പില്‍ എല്ലാവിധ ആശംസകളും ഇന്ത്യന്‍ ടീമിന് നേരുന്നു. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ടി20യില്‍ ഒരാള്‍ മാത്രം പ്രധാനപ്പെട്ട താരമാണെന്ന് പറയാം. കാരണം ഓരോ താരങ്ങളും ടീമിലെ പ്രധാനപ്പെട്ടവരാണ്. എന്നാല്‍ ആദ്യത്തെ ആറ് താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാണ്. എങ്ങനെയാണ് ഇവര്‍ തുടങ്ങുന്നതെന്നത് നിര്‍ണ്ണായകമാണ്. ഈ ഫോര്‍മാറ്റില്‍ എന്തും സംഭവിക്കാം. ഓരോ സമയത്തും ഓരോ മാച്ച്‌ വിന്നര്‍മാര്‍ ഉണ്ടായേക്കാം’ വെങ്‌സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യ ഐപിഎല്ലിലെ ഫോം വിലയിരുത്തിയാണ് ടി20 ലോകകപ്പ് ടീമിനെ പരിഗണിച്ചതെന്ന് പറയാം. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും സഞ്ജു സാംസണും എത്തിയപ്പോള്‍ ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളെയാണ് ടീം കൂടുതല്‍ വിശ്വസിക്കുന്നത്. ഇതോടെ ശുഭ്മാന്‍ ഗില്‍ റിസര്‍വ് താരമായി.

റിങ്കു സിങ് ഐപിഎല്‍ 17ാം സീസണില്‍ ഫ്‌ളോപ്പായിരുന്നു. കാര്യമായ പ്രകടനം റിങ്കു കാഴ്ചവെക്കാതെ വന്നതോടെ റിങ്കുവിനെ മറികടന്ന് ശിവം ദുബെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വന്നു. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ ദുബെ മിടുക്കനാണ്. ഈ കഴിവ് വിലയിരുത്തിയാണ് ദുബെയെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്. എന്നാല്‍ ഐപിഎല്ലിലെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയ ശേഷം ദുബെയുടെ പ്രകടനം മോശമായിരുന്നു. ലോകകപ്പില്‍ എന്ത് ചെയ്യുമെന്നത് കണ്ടറിയാം. ഇന്ത്യന്‍ ടീം ശക്തമാണെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. പ്രധാന മത്സരങ്ങളില്‍ മികവ് കാട്ടാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നില്ലെന്നത് ടീമിനെ സംബന്ധിച്ച്‌ വലിയ ദൗര്‍ബല്യമാണ്. 2013ന് ശേഷം ഒരു തവണ പോലും ഐസിസി ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇത്തവണ സീനിയര്‍ താരങ്ങള്‍ പ്രധാന മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരാതെ ഇന്ത്യക്ക് കപ്പിലേക്കെത്താനാവില്ല.

ഇന്ത്യയുടെ ടീം കരുത്ത് മികച്ചതാണെങ്കിലും അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കുന്ന കാര്യമാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് നേടിക്കൊടുത്ത് ദ്രാവിഡിനെ യാത്രയാക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Hot Topics

Related Articles