ആലപ്പുഴ: ബാറിൽ ഉണ്ടായ അടിപിടിയുടെ വൈരാഗ്യത്തിൽ ബാർ ജീവനക്കാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി സ്വദേശികളായ ദീപു സത്യൻ, വൈശാഖ് എന്നിവരാണ് പിടിയിലായത്. 2023 മെയ് പതിനേഴിനാണ് അരൂർ എ ആർ റെസിഡൻസി ബാറിലെ ജീവനക്കാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മുപ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ഒരു വർഷം മുൻപ് നടന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടിയത്.
ബാർ ഹോട്ടലിലെ ജോലിക്ക് ശേഷം തൊട്ടടുത്ത റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് തിരികെ ദേശീയ പാതയിലൂടെ നടന്ന് വരുമ്പോഴാണ് കോട്ടയം സ്വദേശിയായ ശ്രീജിത്തിനെ ഒരു കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെപോകുന്നത്. സാധാരണ അപകടമാണെന്ന് കരുതിയ കേസിലാണ് കഴിഞ്ഞ ദിവസം രണ്ട് പേർ അറസ്റ്റിലായത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. പ്രതികൾക്കെതിരെ നിർണായക തെളിവായി മാറിയ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻവൈരാഗ്യത്തിൻെറ പേരിലാണ് ബാർ ജീവനക്കാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ആന്വേഷണത്തിൽ വ്യക്തമായി. 2023 ജനുവരിയിൽ ദീപുവും കൂട്ടുകാരും ചേർന്ന് ബാർഹോട്ടലിൽ മദ്യം വാങ്ങാനായി എത്തി. ഈ സമയം ബാർ ജീവനക്കാരുമായി അടിപിടിഉണ്ടായി. ഇതിൽ പ്രകോപിതനായാണ് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച് പിന്നീട് അവരെ ആക്രമിക്കുന്ന സ്വഭാവക്കാരനാണ് ദീപു എന്ന് പൊലീസ് പറഞ്ഞു. ദീപുവിന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന വൈശാഖും അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളിലെ അടിപിടികേസുകളിൽ പ്രതിയാണ്. ചേർത്തല കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ് ചെയ്തു