“പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായും നിർത്തലാക്കുകയാണ് ലക്ഷ്യം”; നിതിൻ ഗഡ്‍കരി

മുംബൈ: പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ റോഡിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായും ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി. 2034 ഓടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കുകയാണെന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ ഗഡ്‍കരി പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഡീസൽ പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത വാഹനങ്ങൾക്ക് എതിരെ ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) ആവശ്യകത അടിവരയിട്ട് നിരത്തിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

Advertisements

“10 വർഷത്തിനുള്ളിൽ ഈ രാജ്യത്ത് നിന്ന് ഡീസൽ, പെട്രോൾ വാഹനങ്ങൾ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇക്കാലത്ത്, ഇലക്ട്രിക് സ്‍കൂട്ടറും കാറും ബസും വന്നു. നിങ്ങൾ 100 രൂപ ഡീസലിന് ചെലവഴിക്കുമ്പോൾ, ഈ വാഹനങ്ങൾ വെറും നാലു രൂപയുടെ വൈദ്യുതി ഉപയോഗിക്കുന്നു..” അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശുദ്ധമായ ഗതാഗത ഓപ്ഷനുകളെക്കുറിച്ച് സംസാരിച്ച ഗഡ്‍കരി, സീറോ എമിഷൻ വാഹനങ്ങളുടെയും ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും ഊന്നിപ്പറയുന്നു. 

മലിനീകരണ തോത് കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതലായി ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം മുമ്പ് സൂചിപ്പിച്ചിരുന്നു. “ഇത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ഇതാണ് എൻ്റെ കാഴ്ചപ്പാട്,” 2024 ഏപ്രിൽ മാസത്തിൽ നിതിൻ ഗഡ്‍കരി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

ഇന്ത്യയിൽ പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കാനാകുമോയെന്ന ചോദ്യത്തിന് നൂറുശതമാനം എന്നും അന്ന് ഗഡ്‍കരി പറഞ്ഞിരുന്നു.  36 കോടിയിലധികം പെട്രോൾ, ഡീസൽ വാഹനങ്ങളെ നിരത്തുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെന്നും എന്നാൽ ഇത് അസാധ്യമല്ലെന്നും ഗഡ്‍കരി വ്യക്തമാക്കിയിരുന്നു. ഇന്ത്യ 16 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . 

കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഗ്രാമങ്ങൾ സമൃദ്ധമാകുന്നതിനും യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.  ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായും ഫ്‌ളെക്‌സ് എഞ്ചിനുകൾക്ക് 12 ശതമാനമായും കുറയ്ക്കാനുള്ള നിർദ്ദേശം ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന് ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും മന്ത്രി പറഞ്ഞു.

2004 മുതൽ ബദൽ ഇന്ധനങ്ങൾക്കായി താൻ ശ്രമിക്കുന്നുണ്ടെന്നും വരുന്ന അഞ്ചോ ഏഴോ വർഷത്തിനുള്ളിൽ കാര്യങ്ങൾ മാറുമെന്ന് ഉറപ്പുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഈ പരിവർത്തനത്തിന് ഒരു തീയതിയും വർഷവും നൽകാൻ തനിക്ക് കഴിയില്ലെന്നും കാരണം ഇത് വളരെ ബുദ്ധിമുട്ടാണെന്നും പക്ഷേ അസാധ്യമല്ലെന്നും ഗഡ്‍കരി തറപ്പിച്ചു പറഞ്ഞു. വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കുന്ന വേഗത കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന കാലഘട്ടം ബദൽ, ജൈവ ഇന്ധനങ്ങളായിരിക്കുമെന്നും ഈ സ്വപ്നം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

ഇന്ത്യയിലെ ഇവികളുടെ ഉയർച്ചയും വ്യാപനവുംലോകമെമ്പാടുമുള്ള മിക്ക പ്രധാന വിപണികളിലും ഇവി വിൽപ്പന വളർച്ച മന്ദഗതിയിലാണെങ്കിലും, നിർമ്മാതാക്കൾക്ക് ഇന്ത്യ പ്രതീക്ഷയുടെ കിരണമായി തുടരുന്നു. പ്രധാനമായും ഇരുചക്ര, മുച്ചക്ര വാഹന മേഖലയിലാണ് ഇന്ത്യൻ ഇവി കച്ചവടം മുന്നേറുന്നത്. പാസഞ്ചർ വെഹിക്കിൾ (കാർ) മേഖലയിലും ചില പ്രധാന പ്രവർത്തനങ്ങൾ കാണുന്നുണ്ട്. 2023-ൽ രാജ്യത്തെ എല്ലാ സെഗ്‌മെൻ്റുകളിലുമായി ഏകദേശം 15 ലക്ഷം ഇവികൾ വിറ്റഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം കൂടുതലാണ്. ഈ കണക്ക് 17 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇറക്കുമതി ചെയ്യുന്ന ഇവി മോഡലുകൾക്ക് കുറഞ്ഞ തീരുവ അനുവദിച്ചുകൊണ്ട് രാജ്യത്തിൻ്റെ ഇവി നയത്തിൽ മാറ്റങ്ങൾ വരുത്താനും കേന്ദ്ര സർക്കാർ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. 

മൊത്തത്തിൽ, 2030-ഓടെ വാഹന മേഖലയിലെ വിൽപ്പനയുടെ 30 ശതമാനവും ഇലക്ട്രിക് ഓപ്‌ഷനുകളാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാശ്ചാത്യ രാജ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും ഇത് ശ്രദ്ധേയമാണ്. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ വിപണിയായ യുഎസ്, 2030 ഓടെ മൊത്തം വിൽപ്പനയുടെ 50 ശതമാനവും 2032 ഓടെ 67 ശതമാനവും ഇവികളിൽ നിന്നാക്കാനാണ് ലക്ഷ്യമിടുന്നത്. യുകെയിൽ, 2023ലെ മൊത്തം വിൽപ്പനയുടെ 19 ശതമാനവും ഇവികളിൽ നിന്നായിരിക്കാം. 2035 ഓടെ ഇവിടെ വിൽക്കുന്ന എല്ലാ കാറുകളും പൂർണമായും ഇലക്ട്രിക് ആക്കാനുള്ള പാതയിലാണ് രാജ്യം. എന്നാൽ ചാർജിംഗ് സ്റ്റേഷനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, ഇവികളെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയ ഘടകങ്ങളിലും വിദഗ്ധർ ഊന്നൽ നൽകുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇവികളുടെ വിജയം നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് വില കുറയ്ക്കുക എന്നത്. 

­

Hot Topics

Related Articles