കോട്ടയം : കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞദിവസം കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പ്രതിയെ മണർകാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി. വണ്ടിപ്പെരിയാർ സ്വദേശി അജീഷിനെയാണ് മണർകാട് പോലീസ് സംഘം കസ്റ്റഡിയിൽ വാങ്ങിയത്. അജീഷിന്റെ ഭാര്യയുടെ ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് റിജോയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഒരാഴ്ച മുൻപ് കോട്ടയം വടവാതൂർ ശാന്തി ഗ്രാം കോളനിയിലേയ്ക്കുള്ള വഴിയിൽ ആയിരുന്നു അക്രമ സംഭവങ്ങൾ. കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിൻ്റെ ഭാര്യയുടെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ആണ്. അജീഷ് സംശയ രോഗി ആണ് എന്ന് പൊലീസ് പറയുന്നു. ഭാര്യയുടെ കാമുകനാണ് എന്ന് സംശയിച്ച് ഇയാൾ പലരോടും മുൻപും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മണർകാട് ജോലിക്ക് ശേഷം ശാന്തിഗ്രാം കോളനി ഭാഗത്തേക്ക് വരികയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്തും സുഹൃത്ത് റിജോയും. വടവാതൂർ കുരിശിനു സമീപത്ത് പതിയിരുന്ന പ്രതി , ഇരുവരും നടന്നു വരുമ്പോൾ കടന്നാക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി ജില്ലാ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച തെളിവെടുപ്പ് നടത്തി.