കോട്ടയം : കോട്ടയം പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ ബുള്ളറ്റ് റോഡിൽ മറിഞ്ഞു യുവാ വിന് ദാരുണാന്ത്യം. യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത് റോഡരികിലെ ഓടയ്ക്കുള്ളിൽ. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജ് (30) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചയാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു. പുതുപ്പള്ളി ചാലുങ്കപ്പടിയിലെ വളവിൽ ബുള്ളറ്റ് മറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ നടക്കാൻ ഇറങ്ങിയ യാത്രക്കാരാണ് അപകട വിവരമറിഞ്ഞത്. തുടർന്ന് ഇവർ നടത്തിയ പരിശോധനയിൽ ഓടയ്ക്കുള്ളിൽ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിൻഭാഗത്ത് ക്രാഷ് ഗാർഡുകൾ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റേതെങ്കിലും വാഹനം ഇടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും വാഹനം ഇടിച്ചാണോ ഇയാൾ ഓടയിൽ വീണതെന്ന് പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.