കോന്നി ഇക്കോ ടൂറിസം വികസനത്തിന് വിപുലമായ പദ്ധതികള്‍

പത്തനംതിട്ട :
കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി വിപുലമായ പദ്ധതികള്‍ തയ്യാറാകുന്നു.
ഇത് സംബന്ധിച്ച് കോന്നി അടവി കുട്ട വഞ്ചി സവാരികേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. ഗവി – അടവി – ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോര്‍ത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആനക്കൂട്ടില്‍ സന്ധ്യാസമയങ്ങളില്‍ കൂടുതല്‍ സമയം സഞ്ചാരികള്‍ക്ക് ചിലവഴിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമായി. ആനക്കൂട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിലവിലുള്ള വൈകുന്നേരം അഞ്ചു വരെ പ്രവേശനം എന്നത് കൂടുതല്‍ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ഏഴു വരെയായി ക്രമീകരിച്ചിട്ടുണ്ട്.

Advertisements

കോന്നി ആനത്താവളത്തിലെ ആനകള്‍ക്കും പാപ്പാന്മാര്‍ക്കും പരിശീലനം നല്‍കി രണ്ടുമാസത്തിനകം ആന സവാരി ആരംഭിക്കും. കോന്നിയില്‍ നിന്നും ജംഗിള്‍ സഫാരിക്കായി ട്രക്കിംഗ് ആരംഭിക്കുന്നതിനും തീരുമാനമായി. പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ്, വനം വകുപ്പ്, ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്നതിനു യോഗത്തില്‍ തീരുമാനിച്ചു.
അടവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ആകര്‍ഷകമായ ഗാര്‍ഡന്‍, റസ്റ്റോറന്റ്, വ്യൂ ഡെക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂള്‍, വാട്ടര്‍ കിയോസ്‌ക്, ജംഗിള്‍ ലോഡ്ജില്‍ ഡോര്‍മെറ്ററിയും മുറികളും, വിശാലമായ പാര്‍ക്കിംഗ് ഏരിയ, പാതയോര ഭക്ഷണശാല തുടങ്ങിയവയും ക്രമീകരിക്കും. അടവിയിലെ ബാംബു ഹട്ടുകള്‍ കൂടുതല്‍ എണ്ണം നിര്‍മിക്കുന്നതിനും നിലവിലുള്ളവ കൂടുതല്‍ വിപുലീകരിക്കുന്നതിനും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കോന്നി ഡിഎഫഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ മൂന്ന് ഹട്ടുകളുടെ അറ്റകുറ്റപ്പണികള്‍ ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയായി.നിരവധി പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനും തീരുമാനമായി.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആര്‍ക്കിടെക്റ്റിനെ ചുമതലപ്പെടുത്തി അടവിയില്‍ ആന പുനരധിവാസ കേന്ദ്രം തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഗവിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്കായി കക്കിയിലെ പഴയ ഫോറസ്റ്റ് ഓഫീസ് കെട്ടിടം നവീകരിച്ച്
റസ്റ്റോറന്റ്, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍, വാഷ് റൂം എന്നിവയുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും.
പ്രവര്‍ത്തികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും ഏകോപനത്തിനും കൊല്ലം സിസിഎഫ് കമലാഹാര്‍ ചുമതലപ്പെടുത്തി.

ആങ്ങമൂഴിയെ ഗവിയുടെ കവാടമായി കണ്ട് പഞ്ചായത്തിന്റെ സഹായത്താല്‍ വിവിധങ്ങളായ പദ്ധതി തയ്യാറാക്കി നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
ഗവിയിലേക്ക് എത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ആകര്‍ഷകമായ തരത്തില്‍ ചിലവഴിക്കുന്നതിന് ആങ്ങമൂഴിയെ ക്രമീകരിക്കും. ഈ മാസം തന്നെ വിശദമായ റിപ്പോര്‍ട്ട് ഇത് സംബന്ധിച്ച് തയ്യാറാക്കി വര്‍ക്കിംഗ് ഗ്രൂപ്പ് ഉള്‍പ്പെടുത്തി നല്‍കുന്നതിന് റാന്നി ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ടൂറിസം വകുപ്പ് സീതത്തോട് കേന്ദ്രീകരിച്ച് എത്‌നോ ഹബ്ബ് അനുവദിച്ചിരുന്നത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കൊല്ലം സിസിഎഫ് കമലാഹാര്‍, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ ഐ എഫ് എസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി. പവിത്രന്‍, ഡിടിപിസി സെക്രട്ടറി ബിനോഷ്, ഗവി ഇക്കൊ ടൂറിസം മാനേജര്‍ സാബു ആര്‍ ഉണ്ണിത്താന്‍, ടൂറിസം പ്രൊജക്റ്റ് എന്‍ജിനീയര്‍ വിനോദ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ അജിത് കുമാര്‍, എസ് അശോക്, ഇക്കോ ടൂറിസം, വനം വകുപ്പ്, ടൂറിസം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles