പരിശീലനത്തിനിടയിലും രോഹിത്തിന് പരിക്ക് ; ഭീതിയോടെയല്ലാതെ ബാറ്റ് ചെയ്യാനാകാതെ താരങ്ങൾ ; നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിൻ്റെ പോരായ്മകൾ പരിഹരിക്കാതെ ഐസിസി 

ന്യൂയോര്‍ക്ക് : ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഞായറാഴ്ച ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുൻപ് സ്റ്റേ‍ഡിയത്തിലെ ഡ്രോപ്പ് ഇന്‍ പിച്ചാണ് വാര്‍ത്തകളില്‍ നിറയുന്നത്.ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ അപ്രതീക്ഷിത ബൗണ്‍സില്‍ കൈത്തണ്ടക്ക് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഇന്നലെ ബാറ്റിംഗ് പരിശീലനത്തിനിടെ തള്ളവിരലിനും പരിക്കേറ്റു.

Advertisements

പരിശീലന പിച്ചിലും പന്ത് അപ്രതീക്ഷിതമായി കുത്തി ഉയര്‍ന്നാണ് രോഹിത്തിന്‍റെ കൈയിലെ തള്ളവിരലില്‍ പരിക്കേറ്റത്. പന്ത് കൊണ്ട ഉടന്‍ രോഹിത് വേദനകൊണ്ട് പുളഞ്ഞെങ്കിലും പ്രാഥമിക ചികിത്സ തേടിയശേഷം ബാറ്റിംഗ് തുടര്‍ന്നത് ഇന്ത്യക്ക് ആശ്വാസമായെങ്കിലും ന്യൂയോര്‍ക്കിലെ പിച്ചിന്‍റെ മോശം നിലവാരത്തിനെതിരെ ഐസിസിക്ക് ബിസിസിഐ അനൗദ്യോഗികമായി പരാതി നല്‍കിയതായാാണ് റിപ്പോര്‍ട്ട്. നെറ്റ്സില്‍ ബാറ്റിംഗ് താളം കണ്ടെത്താന്‍ വിരാട് കോലിയും പാടുപെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകകപ്പിനായി നിര്‍മിച്ച സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും അപ്രതീക്ഷിത ബൗണ്‍സ് ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സ്കോര്‍ 100 പോലും കടന്നിരുന്നില്ല. ഇന്നലെ നടന്ന കാനഡ-അയര്‍ലന്‍ഡ് മൂന്നാം മത്സരത്തില്‍ പിച്ച്‌ അല്‍പം മെച്ചപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സടിച്ച്‌ ഈ ഗ്രൗണ്ടില്‍ 100 കടക്കുന്ന ആദ്യ ടീമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് പക്ഷെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെ നേടാനായിരുന്നുള്ളു. ഇന്ത്യ-അയര്‍ലന്‍ഡ് മത്സരത്തിലെ പിച്ചിന്‍റെ മോശം നിലവാരത്തെത്തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനായി പിച്ചില്‍ മിനുക്കുപണികള്‍ നടത്തുമെന്ന് ഐസിസി പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. ഏറ്റവും മികച്ച ഗ്രൗണ്ട്സ്റ്റാഫുകളുടെ സേവനം ഉപയോഗിച്ച്‌ പിച്ചിന്‍റെ നിലവാരം ഉയര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles