പത്തനംതിട്ട :
ന്യൂനപക്ഷങ്ങളുടെ സാമൂഹിക പുരോഗതിക്കും സുസ്ഥിര വികസനത്തിനുമായുള്ള പാതയിലെ വിടവുകള്‍ നികത്തുന്ന പ്രവര്‍ത്തനമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും ന്യൂനപക്ഷ വകുപ്പും നടപ്പാക്കി വരുത്തതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതുതലമുറയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസംനേടുന്നതിനോടൊപ്പം തൊഴില്‍ ലഭിക്കുകയെന്നതും പ്രധാനമാണ്. കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്നു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള വലിയ പ്രവര്‍ത്തനമാണ് ന്യൂനപക്ഷ കമ്മിഷന്‍ നടത്തി വരുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ, വൈജ്ഞാനികമായ, തൊഴില്‍പരമായ, സമൂഹികമായ സമഗ്രവികസനമാണ് സര്‍ക്കാരും ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി എല്ലാവരുടേയും ഒന്നിച്ചുള്ള പരിശ്രമം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ജനസംഖ്യയുടെ 46 ശതമാനത്തോളം വരുന്ന വിവിധ ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ എ.എ. റഷീദ് പറഞ്ഞു. കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇതിനായുള്ള വിപുലമായ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെമിനാര്‍ സംഘടിപ്പിച്ചു വരുന്നത്. ഇതിലൂടെ കമ്മിഷന് ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി ചെന്ന് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീന്‍ ഹാജി, സെമിനാര്‍ സംഘാടകസമിതി ചെയര്‍മാന്‍ ഫാ.ജിജി തോമസ്, ജനറല്‍ കണ്‍വിനര്‍ എം.എച്ച് ഷാജി, വൈസ് ചെയര്‍മാന്‍മാരായ അലങ്കാര്‍ അഷറഫ്, ബന്തേ കശ്യപ്, കണ്‍വീനര്‍ റെയ്ന ജോര്‍ജ്, പ്രൊഫ. തോമസ് ഡാനിയല്‍, കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി എച്ച് നിസാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തില്‍ 11-ാമത് ജില്ലാതല സെമിനാറാണ് പത്തനംതിട്ടയില്‍ നടന്നത്.
കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീന്‍ ഹാജി, കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ടി.എസ്. നിധീഷ് എന്നിവര്‍ വിഷായവതരണം നടത്തി. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികള്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകള്‍, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറില്‍ നടന്നു. വിവിധ മതമേലധ്യക്ഷന്മാര്‍, ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.