ഇടുക്കി : മൂന്നാറില്‍ വീണ്ടും കാട്ടാനയാക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് ഇത്തവണ കാട്ടാനകൂട്ടമെത്തി ആക്രമണം നടത്തിയത്.ഇവിടത്തെ സ്ഥിരതാമസക്കാരനായ പുണ്യവേലിന്റെ പലചരക്ക് കടക്കുനേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. ജനവാസ മേഖലയില്‍ കാട്ടാനകള്‍ സംഘമായാണെത്തുന്നത്. പ്രധാനമായും അഞ്ച് ആനകളാണ് ഇവിടെ സ്ഥിരം എത്തുന്നത്. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ മുൻപും കാട്ടാനകള്‍ കൂട്ടമായെത്തി കടകള്‍ നശിച്ചിട്ടുണ്ട്.
കാട്ടാന പലചരക്ക് കടയില്‍ ആക്രമണം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. വാതില്‍ തകർത്തതിനുശേഷം കുറച്ച് പാക്കറ്റുകള്‍ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുളളത്.ഇത്തവണയും ശബ്ദം കേട്ട് എഴുന്നേറ്റ പ്രദേശവാസികള്‍ ആനകളെ തുരത്തിയോടിക്കുകയായിരുന്നു. നിലവില്‍ കാട്ടാനകള്‍ കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട്. അതേസമയം, കാട്ടാനകള്‍ തിരികെ വരാതിരിക്കാൻ ശ്രദ്ധിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ഇരുപതിലധികം തവണയാണ് കാട്ടാന കട ആക്രമിച്ചതെന്നും പലപ്പോഴും നഷ്ടപരിഹാരം നല്‍കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും പുണ്യവേല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.