മുംബൈ: ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ വിവാഹ ചടങ്ങുകള്‍ക്ക് ഇന്നും ഏറെ പവിത്രത കല്പിക്കപ്പെടുന്നു. അതിനാല്‍ തന്നെ വിവാഹ വേദിയിലെ ചെറിയ പ്രശ്നങ്ങള്‍ പോലും പലപ്പോഴും വിവാഹം തന്നെ മുടങ്ങുന്നതിനുള്ള കാരണമായി തീരുന്നു. കഴിഞ്ഞ ദിവസം സമാനമായി വിവാഹ വേദിയില്‍ വച്ച് വരന്‍ അപമര്യാദയായി പെരുമാറിയപ്പോള്‍ വധു വിവാഹം തന്നെ വേണ്ടെന്ന് വച്ചു.
യുപിയില്‍ നടന്ന ഒരു വിവാഹവേദിയിലാണ് ഇത്തരം അസാധാരണമായ ഒരു സംഭവം നടന്നത്. വിവാഹ ചടങ്ങിനിടെ വരന്‍ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്നത് കണ്ടെതിനെ തുടർന്ന് വധു വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. പിന്നാലെ വധുവിന്‍റെ കുടുംബാംഗങ്ങള്‍ തഹസില്‍ദാറായ വരന്‍ ഗൗതമിനെയും പിതാവ് ജയപ്രകാശിനെയും മുത്തച്ഛൻ മേവലാലിനെയും ബന്ദികളാക്കി വിവാഹങ്ങള്‍ക്കായി ചെലവഴിച്ച എട്ട് ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുപിയിലെ സിറ്റി കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഫട്ടുപൂർ പ്രദേശത്ത് നടന്ന ഒരു വിവാഹത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്. ഫട്ടുപൂരിലെ ഷീലാ ദേവിയുടെ മകൾ പിങ്കിയും ജൗൻപൂർ ജില്ലയിലെ ജയറാംപൂർ സ്വദേശിയായ ഗൗതമുമായുള്ള വിവാഹ വേദിയായിരുന്നു സ്ഥലം. കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ വിവാഹ ഘോഷയാത്ര എത്തിയപ്പോള്‍ വരന്‍ മദ്യലഹരിയില്‍ ആയിരുന്നു.
മാത്രമല്ല, ഇയാള്‍ സ്റ്റേജില്‍ നിന്ന് അസഭ്യം പറയുകയും അതിഥികളോട് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റേജില്‍ നിന്നുള്ള വരന്‍റെ അസഭ്യം പറച്ചില്‍ കേട്ട് ചിലര്‍ ചോദ്യം ചെയ്യാനായി സ്റ്റേജിലേക്ക് കയറിയപ്പോള്‍, വരന്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയെന്ന് വധുവിന്‍റെ അമ്മ ഷീലാ ദേവി മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് ഇയാളെ അന്വേഷിച്ച് വധു ചെല്ലുമ്പോള്‍, ഇയാള്‍ സ്റ്റേജിന് പിന്നില്‍ നിന്നും കഞ്ചാവ് വലിക്കുകയായിരുന്നു. ഇത് കണ്ട് പ്രകോപിതയായ വധു, വിവാഹത്തില്‍ നിന്നും പിന്മാറി. പിന്നാലെ വിവാഹ വേദിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളോടും ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശം നല്‍കി.
എന്നാല്‍, പോലീസ് സംഭവസ്ഥലത്ത് നിന്നും പോയതിന് പിന്നാലെ വധുവിന്‍റെ ബന്ധുക്കള്‍ വരനെയും അച്ഛനെയും മുത്തച്ഛനെയും വ്യാഴാഴ്ച രാവിലെ വരെ ബന്ധികളാക്കി വിവാഹത്തിന് ചെലവഴിച്ച എട്ട് ലക്ഷം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.