കോട്ടയം : താഴത്തങ്ങാടി ദമ്പതി കൊലക്കേസിലെ പ്രതി ബിലാലിനെ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇത് അടക്കമുള്ള കേസുകളിൽ പ്രതിയായതോടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ തുടങ്ങുന്നതിനിടെയാണ് ഇയാളെ കാണാതായത്. രണ്ടുദിവസം മുൻപ് മകനെ കാണാനില്ലെന്ന് കാട്ടി ബിലാലിന്റെ പിതാവ് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ ഇതുവരെയും കേസെടുത്തിട്ടില്ല. മുൻപ് സമാന രീതിയിൽ ഇയാളെ കാണാതായപ്പോഴാണ് താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം ഉയർന്നിട്ടുണ്ട്.
താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി താഴത്തങ്ങാടി വേളൂർ കരയിൽമാലി പറമ്പിൽ മുഹമ്മദ് ബിലാലിനെ(23)യാണ് ഇപ്പോൾ കാണാതായത്. 2020 മെയ് 31 ന് ആണ് ഇരുവരെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ബിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനുശേഷം കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ബിലാലിനെതിരെ ഈസ്റ്റ് പോലീസ് പെൺകുട്ടിയെ ആക്രമിച്ചതിന് കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയെങ്കിലും കൊലപാതക കേസിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടയാണ് ഇപ്പോൾ ബിലാലിനെ കാണാതായിരിക്കുന്നത്.