ലണ്ടൻ : യുകെയിൽ ഈസ്റ്റ് ലണ്ടന് സമീപം 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിയെ കാണ്മാനില്ലന്ന് പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണ്മാനില്ലെന്ന പരാതി എസക്സ് പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. ഇതേ തുടർന്ന് പൊലീസ് വ്യാപകമായി കുട്ടിയെ കണ്ടെത്താൻ ഫോട്ടോ പതിച്ച അറിയിപ്പുകൾ നൽകുകയായിരുന്നു. എസക്‌സസിന് സമീപം ബെൻഫ്ളീറ്റിൽ കുടുംബമായി താമസിച്ചു വരുന്ന രണ്ട് മക്കളിൽ ഒരാളായ അനിത കോശി എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കാണാതായത്. ഇവർ കൊല്ലം ജില്ലയിൽ നിന്നാണ് വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയത്. അതേസമയം അനിതയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും ലണ്ടൻ ഭാഗത്തേക്ക് ട്രെയിനിൽ യാത്ര തിരിച്ചതായി ആണ് ഏറ്റവും ഒടുവിൽ കിട്ടിയ വിവരമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് എസക്സ് പൊലീസ് അറിയിച്ചു.
അനിതക്ക് 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും കണ്ണടയും ഉള്ളതായി എസക്സ് പൊലീസ് അറിയിപ്പിൽ പറയുന്നു. കാണാതാകുമ്പോൾ ഒരു വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും കളറിലുള്ള ട്രെയിനേഴ്സും ധരിച്ചിരുന്നു. കയ്യിൽ ഹാൻഡ്‌ബാഗും ഓറഞ്ച് ഹാൻഡിലുകളുള്ള ചാരനിറത്തിലുള്ള ലെതർ ഡഫൽ ബാഗും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ട്രെയിനിൽ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തിരിക്കാമെന്നും ആ സമയത്ത് യാത്ര ചെയ്തിട്ടുള്ളവരോട് അനിതയെ കണ്ടാൽ അറിയിക്കണമെന്നും എസക്സ് പൊലീസ് അറിയിപ്പിൽ പറയുന്നുണ്ട്. അനിതയെ കണ്ടെത്താൻ കഴിയുന്നവർ 999 എന്ന നമ്പറിൽ വിളിച്ച് എസക്സ് പൊലീസ് സ്റ്റേഷനിലെ ജൂൺ 14 ലെ സംഭവം 852 എന്ന റഫറൻസിൽ സംസാരിക്കണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഇതോടൊപ്പം +447913634209, +447886396579 എന്ന നമ്പറുകളിലും വിളിക്കാവുന്നതാണ്.