വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിലടിച്ചു; ഒരാൾക്ക് തലയ്ക്ക് പരിക്ക്

കോട്ടയം: വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിലടിച്ചു. ഉന്തിലും തള്ളിലും പെട്ട് ജനലിൽ തലയടിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരിക്കേറ്റു. ആലപ്പുഴ, വാകത്താനം സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഉച്ചയോടെ ചിങ്ങവനം പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് തമ്മിൽ തല്ലിയത്. സ്റ്റേഷനു മുന്നിൽ ബൈക്ക് വയ്ക്കുന്നതിനെച്ചൊല്ല്ി രണ്ട് ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ വാക്ക് തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ടു പേരും സ്റ്റേഷനുള്ളിൽ വച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് ഇത് കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. ഉന്തിനും തള്ളിനും ഇടയിൽ ഒരാളുടെ തല ജനലിന്റെ പാളിയിൽ ഇടിച്ചതായി പറയുന്നു. തുടർന്ന് ഇടിയേറ്റ പൊലീസുകാരൻ എസ്.ഐയോട് പരാതിപ്പെട്ട ശേഷം വലിയ ബഹളത്തോടെ സ്‌റ്റേഷനിൽ നിന്നും പുറത്തേയ്ക്ക് ഓടി. പിന്നാലെ ഓടിയെത്തിയ പൊലീസുകാർ ഇദ്ദേഹത്തെ പിടികൂടി ജീപ്പിൽ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles