ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. തന്‍റെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് തീരുമാനം അറിയിച്ചത്. തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമെന്ന പാര്‍ട്ടി വിലയിരുത്തലിലാണ് തീരുമാനമെന്നും ഖര്‍ഗെ അറിയിച്ചു. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഖർഗെ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു. അതേസമയം രാഹുലിന് പകരം, സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വദ്ര വയനാട്ടില്‍ മത്സരിക്കും. പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കളെ രാഹുലിനെ അറിയിച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന വിലയിരുത്തലില്‍ കൂടിയായിരുന്നു ഈ നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട്ടിലെ വോട്ടമാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ദുഷ്‌കരമായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും. താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും നിയുക്ത എംപി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രതികരിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.