കാലില്‍ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കല്‍ കോളേജ്.ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂർ പുഴക്കല്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചിരുന്നു.
വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനർജീവനമായാണ് രോഗിയും ബന്ധുക്കളും കരുതുന്നത്. മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗവും ഓങ്കോ സർജറി വിഭാഗവും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു മാസം മുമ്പാണ് നടക്കാൻ പോലും കഴിയാതെ കാലില്‍ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. വിദഗ്ധ പരിശോധനയില്‍ ട്യൂമർ ആണെന്ന് ബോധ്യപ്പെട്ടു. കാലില്‍ തുടയോട് ചേർന്ന് അതിവേഗം വളർന്ന 30x30x15 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമറായിരുന്നു. കൂടാതെ രോഗിക്ക് ഹെപ്പറ്റെറ്റിസ് ഉണ്ടായിരുന്നതിനാല്‍ അധിക മുൻകരുതലുകള്‍ കൂടിയെടുത്തു.
ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആറു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കാലിലേക്കുള്ള രക്തക്കുഴലുകള്‍, നാഡീഞരമ്ബുകള് എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ 10 കിലോ തൂക്കവും 30x30x15 സെന്റീമീറ്റർ വ്യാപ്തിയുമുള്ള, സോഫ്റ്റ് ടിഷ്യൂ സാർക്കോമ നീക്കം ചെയ്തത്.രോഗി സുഖം പ്രാപിച്ചപ്പോള്‍ അടുത്തഘട്ട ചികിത്സയ്ക്കായി റേഡിയോതെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും, ഫിസിയോതെറാപ്പി വിഭാഗത്തിന്റെ കൂടി ഇടപെടലോടെ കാലിലെ പേശികളുടെ തളർച്ച പരമാവധി കുറച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു. സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുമായിരുന്ന ഈ ശസ്ത്രക്രിയ സർക്കാരിന്റെ വിവിധ സ്കീമുകളില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് ചെയ്തത്.