കുഴിമറ്റം : തെരുവുനായ്ക്കൂട്ടങ്ങളെ പേടിച്ച് ഓഫീസ് റൂം പോലും തുറക്കുവാനാവാതെ വിഷമിച്ച ചിങ്ങവനം ഹയർ സെക്കണ്ടറി സ്കൂളിലെ ആയിരത്തോളം കുട്ടികളെ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങിയ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യുവിന് നായകളെ പിടിക്കുന്നതിനിടയിൽ വീണ് പരുക്കേറ്റു . തെരുവുനായകൾ കുറെ നാളുകളായി സ്കൂൾ പരിസരത്ത് തമ്പടിച്ചിരിക്കുകയായിരുന്നു . സ്കൂളിൽ അദ്ധ്യാപക പരിശീലനത്തിനെത്തിയ രണ്ട് വിദ്യാർത്ഥിനികൾക്ക് ബുധനാഴ്ച നായകളുടെ കടിയേറ്റു . സമീപത്തെ കമ്പനിയിൽ ജോലിക്കെത്തിയ ഒരു സ്ത്രീയെയും നാട്ടുകാരനായ ഗൃഹനാഥനെയും കഴിഞ്ഞയാഴ്ച നായ കടിച്ചു .
വെളുപ്പിനെ ജോലിക്കു പോകുവാൻ ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോയ കെ എസ് ആർ ടി സി ഡിപ്പോ എഞ്ചിനീയറുടെ വാഹനത്തിന് പിന്നാലെ നായ്ക്കൾ കൂട്ടമായി ആക്രമിക്കുവാനെത്തിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്നും വീണ് എഞ്ചിനീയറുടെ നാലു വാരിയെല്ലുകൾക്കും നട്ടെല്ലിനും പരുക്കേറ്റിരുന്നു. അദ്ധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ഡോഗ് ക്യാച്ചർമാരുമായി ഇന്ന് വ്യാഴാഴ്ച പത്ത് മണിയായപ്പോൾ സ്കൂളിലെത്തുകയായിരുന്നു വൈസ് പ്രസിഡൻ്റ് റോയി മാത്യു . ക്യാച്ചർമാരുടെ പിടിയിൽ നിന്നും രക്ഷപെട്ട ഒരു നായയെ പിടിക്കുവാൻ വലയുമായി ഓടുന്നതിനിടയിൽ വീണ് കാലുകൾക്കും നെഞ്ചിനും താടിയിലും പരുക്കേൽക്കുകയായിരുന്നു.കണിയാംമല ആശുപത്രിയിൽ ചികിത്സ തേടിയ റോയിമാത്യുവിന് താടിയിലെ മുറിവിന് തുന്നലിടേണ്ടി വന്നു.