ദില്ലി: നീറ്റ് യുജി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പൊലീസിൽ നിന്ന് ഇഡിയും വിവരങ്ങൾ തേടി. ഒമ്പത് വിദ്യാർത്ഥികൾക്ക് കൂടി ബിഹാർ പൊലീസ് നോട്ടീസ് നൽകി. ഇതുവരെ അറസ്റ്റിലായത് 24 പേരാണ്. ഇവർക്ക് നാർക്കോ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. പുനപരീക്ഷ സംബന്ധിച്ച തീരുമാനം വിശദമായ കൂടിയാലോചനയ്ക്ക് ശേഷം മാത്രമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുവെന്നും കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാർ. മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റിയത് കൊണ്ടുമാത്രം പ്രശ്ന പരിഹാരമാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ സമ്പ്രദായത്തിന്‍റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. നേരത്തെ ബിഹാർ പൊലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്തിയിരുന്നത്.