ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ യാത്ര പുറപ്പെട്ട ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബാരി യൂജിന് ബോഷ് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകുന്നു.ജൂണ്‍ 13 ന് മടക്കയാത്ര നിശ്ചയിച്ചെങ്കിലും നാസ തീയതി പല തവണ മാറ്റി.പത്ത് ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നത് ആശങ്കള്‍ വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 26ന് മാത്രമേ പേടകം തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പ്.
ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കാനുള്ള നാസയുടെ തീരുമാനത്തെത്തുടര്‍ന്നാണ് ഈ ആശങ്കകള്‍ ഉയര്‍ന്നത്. പേടകത്തിലെ ഹീലിയം വാതകച്ചോര്‍ച്ചയുള്‍പ്പടെയുള്ളവ വിശദമായി പരിശോധിച്ചു പരിഹരിച്ചശേഷമേ തിരിച്ചുവരവുണ്ടാകുകയുള്ളെന്നാണ് നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതി വിഭാഗം അറിയിച്ചിരിക്കുന്നത്.സുനിത വില്യംസും വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും ആറ് മണിക്കൂര്‍ എടുക്കുന്ന മടക്കയാത്രയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള സ്റ്റാര്‍ലൈനറിന്റെ ശേഷിയിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.ജൂണ്‍ 5ന് ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് എന്നറിയപ്പെട്ട നിലവിലെ ദൗത്യം 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി. എന്നാല്‍ ഇവര്‍ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശപേടകം ജൂണ്‍ 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പ് വന്നത്. എന്നാല്‍ ഈ തീയതിയിലും സ്ഥിരീകരണം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.