ദില്ലി : രാഹുല്‍ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞയ്ക്ക് എത്തിയ രാഹുല്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു.
രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയിരുന്നു. മുപ്പത്തി മൂന്നാമതായാണ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. മീററ്റ് എംപിയായി അരുണ്‍ ഗോവിലും 39-ാമതായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു.