തൊടുപുഴ: സ്‌കൂളിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭ അസി.എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിന് പ്രേരിച്ച നഗരസഭ ചെയർമാനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. തൊടുപുഴ നഗരസഭ എൻജിനീയർ സി.ടി അജിയ്‌ക്കെതിരെയാണ് വിജിലൻസ് നടപടി. കൈക്കൂലി വാങ്ങുന്നതിനു അജിയേ പ്രേരിപ്പിച്ചതായി കണ്ടെത്തി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസ് എടുത്തു. കൈക്കൂലി വാങ്ങുന്നതിന് ഇടനില നിന്ന ഏജന്റിനെതിരെയും കേസെടുത്തിട്ടുണ്ട്. സ്വതന്ത്ര അംഗമാണ് സനീഷ്. ഇടത് പിൻതുണയോടെയാണ് ഇവിടെ സനീഷ് ഭരണം നടത്തുന്നത്.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കൈക്കൂലി തുകയായ ഒരു ലക്ഷം രൂപയുമായി അജി പിടിയിലായത്. മുൻപ് കോട്ടയം നഗരസഭ നാട്ടകം സോണിൽ അസി.എൻജിനീയറായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. അന്ന് ഇദ്ദേഹത്തിന് എതിരെ വ്യാപകമായി കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഇദ്ദേഹം കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വിജിലൻസ് സംഘം നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് പ്രതി പിടിയിലായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.