ന്യൂഡല്‍ഹി : ബുധനാഴ്ച നടക്കുന്ന ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പില്‍ എൻ.ഡി.എ മുന്നണിയിലെ എം.പിമാരുടെ ഹാജർ ഉറപ്പാക്കാൻ കർശന നിർദ്ദേശം നല്കി കേന്ദ്രമന്ത്രി അമിത് ഷാ, ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കൊടിക്കുന്നില്‍ സുരേഷ് പത്രിക സമർപ്പിച്ചതോടെയാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഉറപ്പായത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യ സഖ്യവും ഇന്ന് രാത്രി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖാർഗേയുടെ വസതിയിലാണ് യോഗം നടക്കുന്നത്. സ്ഥാനാർത്ഥിയെ കുറിച്ച് കോണ്‍ഗ്രസ് അറിയിച്ചില്ലെന്ന് തൃണമൂലും എൻ.സി.പിയും ഉള്‍പ്പെടെ വിമർശനം ഉയർത്തുന്നതിനിടെയാണ് യോഗം. മുന്നണിയില്‍ ചർച്ച നടത്താതെയാണ് നാമനിർദ്ദേശ പത്രിക നല്‍കിയതെന്ന് സഖ്യകക്ഷികള്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റേത് ഏകപക്ഷീയമായ തീരുമാനമായിരുന്നു എന്നാണ് തൃണമൂലും എൻ.സി.പിയും വിമർശിച്ചത്.