കൽപ്പറ്റ : വയനാട് തലപ്പുഴയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലയില്‍ കുഴിബോംബ് കണ്ടെത്തി. മക്കിമല കൊടക്കാട് ഫെൻസിംഗിനോട് ചേർന്നായിരുന്നു കുഴിബോംബ് കണ്ടെത്തിയത്.ജലാറ്റിൻ സ്റ്റിക്ക് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. തണ്ടർ ബോള്‍ട്ട് പട്രോളിംഗ് നടത്തുന്ന മേഖലയാണിത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി എല്ലാം നിർവീര്യമാക്കി.
വനത്തിനോട് ചേർന്ന് ഫെൻസിംഗ് ഉള്ളിടത്താണ് കുഴിച്ചിട്ട നിലയില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. സ്ഥലത്ത് ഫെൻസിംഗ് പരിശോധിക്കാൻ പോയ വനംവാച്ചർമാർക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പശ്ചിമഘട്ട കബീദളത്തില് പെട്ട മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്. ഇടവേളകളില്‍ മാവോയിസ്റ്റ്- തണ്ടർബോള്‍ട്ട് ഏറ്റുമുട്ടല്‍ ഇവിടെ ഉണ്ടാകാറുണ്ട്.