തിരുവനന്തപുരം: ദീര്‍ഘകാലമായി അവധിയില്‍ തുടരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 56 ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് നീക്കം.പതിനഞ്ച് ദിവസത്തിനകം ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കും. എന്നിട്ടും ഹാജരാകാത്തവരെ മറ്റൊരറിയിപ്പില്ലാതെ പിരിച്ചുവിടാനാണ് തീരുമാനം. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ മറ്റ് ആശുപത്രികളിലെ ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. തിരിച്ചു ജോലിക്കുകയറാന്‍ പലതവണ അവസരം നല്‍കിയെങ്കിലും അനധികൃത അവധിയില്‍ തുടരുകയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കൊല്ലം, ഇടുക്കി, വയനാട് മെഡിക്കല്‍ കോളേജുകളില്‍നിന്നാണ് 56 ഡോക്ടര്‍മാര്‍ മാറിനില്‍ക്കുന്നത്. 2008 മുതല്‍ 15 വര്‍ഷത്തിലേറെയായി ജോലിക്കെത്താത്ത ഡോക്ടര്‍മാര്‍ ഇക്കൂട്ടത്തിലുണ്ട്. ഉന്നതപഠനം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി പലകാരണങ്ങള്‍ പറഞ്ഞാണ് ഡോക്ടര്‍മാര്‍ ഏതാനും വര്‍ഷത്തേക്ക് അവധിയെടുക്കുന്നത്. പ്രസവാവധിയെടുത്തുവരെയെടുത്ത് മുങ്ങിയ ഡോക്ടര്‍മാരുണ്ടെന്നാണ് പ്രാഥമിക വിവരം.
നിശ്ചിതസമയത്തിനുള്ളില്‍ ജോലിക്കെത്തിയില്ലെങ്കില്‍ നോട്ടീസ് നല്‍കാറുണ്ട്. ചിലര്‍ ജോലിക്കു കയറും. എന്നാല്‍, വീണ്ടും അവധിയെടുക്കും. പലരും നാട്ടിലും വിദേശത്തും ജോലിചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പിരിച്ചുവിടാന്‍ നടപടിയാരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനധികൃത അവധിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാണ് മുന്നില്‍. 13 പേരാണ് ഇവിടെ അവധിയിലുള്ളത്. 56 പേരുടെയും വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി. ഇവര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമുമ്പാ കെ എത്താനാണ് നിര്‍ദേശം. സംസ്ഥാന ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് പറയുന്നു.