മോസ്കോ: പലസ്തീന് അഭയാര്‍ഥികള്‍ക്ക് പാര്‍പ്പിടമൊരുക്കി റഷ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ ചെചെന്‍ റിപ്പബ്ലിക്ക്.ചെചന്യയുടെ തലസ്ഥാനം ഗ്രോസ്നിയിലാണ് ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 200ലധികം പലസ്തീനികള്‍ക്ക് അപ്പാര്‍ട്ട്മെന്റുകള്‍ നല്‍കിയത്. ചെചെന്‍ റിപ്പബ്ലിക്കിന്റെ പ്രാദേശിക നേതാവ് റംസാന് കാദിറോവാണ് ഇക്കാര്യം പുറത്തുവിട്ടത്.കഴിഞ്ഞ നവംബറില്‍ റഷ്യന്‍ മേഖലയിലേക്ക് സ്വാഗതം ചെയ്യപ്പെട്ട അഭയാര്‍ഥികളെ സ്ഥിരമായി പാര്‍പ്പിക്കുന്നതിനു വേണ്ടി അഞ്ച് അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളുടെ നിര്‍മാണം കദിറോവിന്റെ അമ്മ അയ്മാനിയുടെ നേതൃത്വത്തിലുള്ള ഒരു ഫൗണ്ടേഷന് ചുമതലപ്പെടുത്തിയിരുന്നു. ദുരിതബാധിതര്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള വലിയ തോതിലുള്ള പദ്ധതികള്‍ നിര്‍മിക്കുന്നതിനുള്ള സംരംഭമായിരുന്നു ഫൗണ്ടേഷന് തുടങ്ങിയത്.
ചെച്നിയയെ റഷ്യയിലേക്ക് പുനഃസംയോജിപ്പിക്കുന്നത്തിനു വേണ്ടി പ്രധാന പങ്കുവഹിച്ച റംസാന്റെ പിതാവിന്റെ പേരിലുള്ള അഖ്മത് കദിറോവ് ഫൗണ്ടേഷന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് കെട്ടിടങ്ങള്‍ തുറന്നു കൊടുത്തത്. നാല്പതോളം പുതിയ അപാര്‍ട്ട്മെന്റുകള്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഏകദേശം ആറ് മാസത്തോളം സമയമെടുത്താണ് കെട്ടിടം നിര്‍മിച്ചത്.‘ഞങ്ങളുടെ അടിയന്തര പദ്ധതികളില്‍ ചെചെന്‍ റിപ്പബ്ലിക്കില്‍ ഒരു പലസ്തീന് സമൂഹം സൃഷ്ടിക്കുന്നതും ഉള്‍പ്പെടുന്നു, അതുവഴി അഭയാര്‍ഥികള്‍ക്ക് അവരുടെ ദേശീയ സ്വത്വം സംരക്ഷിക്കാന്‍ കഴിയും,’ കദിറോവ് പറഞ്ഞു. മറ്റെല്ലാവരെയും പോലെ യുദ്ധത്തിന്റെ ഇരുണ്ട വശങ്ങള് തങ്ങള്‍ക്ക് അറിയാമെന്നും മനുഷ്യന്റെ നിസഹായതയും ദൈന്യതയും തങ്ങള്‍ക്ക് എളുപ്പം മനസിലാകുമെന്നും അത് കൊണ്ട് തന്നെ പലസ്തീനികളുടെ ദുഃഖം തങ്ങളോട് വളരെ അടുത്ത നില്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലസ്തീനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി, ചെചെന്‍ റിപ്പബ്ലിക് ഗസയിലേക്കുള്ള മാനുഷിക സഹായത്തിനും അഭയാര്‍ഥികളുടെ പുനരധിവാസത്തിനും വന്‍ തുക അനുവദിച്ചിരുന്നു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെട്ട് നിരവധി പലസ്തീനികളാണ് ചെച്നിയയില്‍ അഭയം തേടിയത്.ഇസ്രായേല്‍ പലസ്തീനില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന വംശഹത്യയില്‍ ഒക്ടോബര്‍ മുതല്‍ ഒരു ദശലക്ഷത്തിലധികം പലസ്തീനികളാണ് ഗസയിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യപ്പെട്ടത്. 38,000 ത്തിലധികം പലസ്തീനികളാണ് ഇതുവരെ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.