ഡയാലിസിസ് ചെയ്യാൻ യാത്ര കുറയ്ക്കാം; സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച്‌ ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികള്‍ക്ക് സ്വന്തമായി വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയല്‍ ഡയാലിസിസ് നിലവില്‍ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.

Advertisements

നാളിതുവരെ 640 രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വീണ ജോർജ് നിയമസഭയില്‍ അറിയിച്ചു. നിലവിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ട് ഷിഫ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സൃഷ്ടിക്കുന്നതാണ്. ഇതിനായി വേണ്ടി വരുന്ന അധിക മാനവശേഷി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വഹിക്കാവുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്. കാസ്പില്‍ അംഗത്വമില്ലാത്തവര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് (കെ.ബി.എഫ്) മുഖാന്തിരവും എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് നല്‍കി വരുന്നുണ്ട്. ആരോഗ്യ കേരളം ‘പാലിയേറ്റീവ് കെയര്‍ പ്രോജക്‌ട്’ പദ്ധതി പ്രകാരം വൃക്ക രോഗികള്‍ക്ക് വേണ്ട എറിത്രോപോയിറ്റിന്‍ ഇന്‍ജെക്ഷന്‍ സൗജന്യമായി നല്‍കുന്നുണ്ട്. ജനങ്ങളുടെ ജീവിത ശൈലിയില്‍ വന്ന കാതലായ മാറ്റങ്ങള്‍ക്കനുസൃതമായി ജീവിതശൈലീ രോഗങ്ങളും വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 36 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 31 ഇടങ്ങളിലും 88 താലൂക്ക് തല ആശുപത്രികളില്‍ 57 ഇടങ്ങളിലും ആയി ആകെ 88 സ്ഥാപനങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേ വിവിധ ജില്ലകളിലെ ചില സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്‌ട്രേറ്റിന് കീഴിലുള്ള ആശുപത്രികളിലായി ആകെ 100 ആരോഗ്യ കേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ നിലവിലുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലായി ആകെ 1250 ഓളം ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാണ്. നിലവില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാത്ത താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ 13 സ്ഥലങ്ങളില്‍ കൂടി ഈ സാമ്ബത്തിക വര്‍ഷം തന്നെ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും വിധം പ്രവര്‍ത്തി പുരോഗമിക്കുന്നു. അതിനു പുറമെ ബാക്കിയുള്ള മുഴുവന്‍ ആശുപത്രികളില്‍ കൂടി 2025ഓടു കൂടി ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തിലെ എല്ലാ പ്രധാന ഗവ. മെഡിക്കല്‍ കോളേജുകളിലും നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്- മന്ത്രി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.