പനച്ചിക്കാട് : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 49 വാർഡുകളിൽ ജൂലൈ 30 ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ 20-ാം വാർഡും ഉൾപ്പെടും . വനിതാ സംവരണ വാർഡായ ഇവിടെ അംഗമായിരുന്ന സി പി എം പ്രതിനിധി രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത് . 23 വാർഡുകളുള്ള പഞ്ചായത്തിൽ സി പി എം ന് ആറ് പഞ്ചായത്തംഗങ്ങളായിരുന്നു ഉണ്ടായിരുന്നത് . 20-ാം വാർഡംഗം ഷീബാലാലച്ചൻ ജോലി ലഭിച്ചതിനെ തുടർന്നാണ് രാജിവച്ചത് . കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത് .നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള അവസാന തീയതി ജൂലൈ 11 ആണ് . വോട്ടെണ്ണൽ ജൂലൈ 31-നാണ്. കോട്ടയം ജില്ലയിൽ ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് വാർഡിലും വാകത്താനം ഗ്രാമ പഞ്ചായത്തിലെ പൊങ്ങന്താനം വാർഡിലും ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പു നടക്കും.