കോട്ടയം: ഈരാറ്റുപേട്ടയിലെ സ്‌കൂളിൽ നിന്നും പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ മിന്നൽ നീക്കത്തിനൊടുവിൽ പ്രതി അകത്തായി. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി സ്ത്രീകളെ കെണിയിലാക്കുന്ന പാലക്കാട് സ്വദേശിയായ യുവാവിനെയാണ് കണ്ണൂരിൽ നിന്നും ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസിനെ (35)യാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിലുള്ള ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി സ്‌കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ലൈംഗിക അതിക്രമത്തിൽനിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പോക്സോ നിയമം പ്രകാരംകേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്‌കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉപദ്രവിച്ചശേഷം സ്‌കൂളിനു സമീപം ഇറക്കിവിട്ട് കടന്നുകളഞ്ഞു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്നതിനെ തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ കണ്ണൂരിൽനിന്നും പിടികൂടിയത്.
പാലാ ഡിവൈ.എസ്.പി. ഷാജുജോസിന്റെ നേതൃത്വത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ തോമസ് സേവ്യർ, എ.എസ്.ഐ ഏലിയാമ്മ ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ആർ ജിനു, സിവിൽ പൊലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവർ
ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.