ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്.അടുത്ത അനുയായിയോട് ബൈഡൻ ഇക്കാര്യം സൂചിപ്പിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രി ഗവർണറുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. അതേസമയം, റിപ്പോർട്ടുകള്‍ നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രംഗത്തെത്തി. നവംബർ അഞ്ചിനാണ് യു.എസ് തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ബൈഡന് 81 വയസ്സുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ ടെലിവിഷൻ സംവാദത്തില്‍ അടഞ്ഞ ശബ്ദവും വാക്കുകള്‍ക്കായുള്ള തപ്പിത്തടയലും മൂർച്ചയില്ലാത്ത മറുപടികളും ചേഷ്ടകളും അദ്ദേഹത്തിന്റെ പ്രായാധിക്യത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, സംവാദത്തിനുപിന്നാലെ തനിക്കെതിരേ ഉയർന്ന ആരോപണങ്ങള്‍ ജോ ബൈഡൻ നിഷേധിച്ചു. മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന ആവശ്യവും അദ്ദേഹം അന്ന് തള്ളിക്കളഞ്ഞിരുന്നു.