കൂരോപ്പട: കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന് ഇന്ന് തറക്കല്ലിടും. കൂരോപ്പടയിലെ എം.ജി ഗോവിന്ദൻ നായർ സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രം വികസിപ്പിക്കണമെന്ന് നിരവധി വർഷമായി ജനങ്ങൾ ആവശ്യപ്പെടുകയുണ്ടായി. അവരുടെ ആവശ്യത്തിന് പരിഹാരമായി മരണത്തിന് തൊട്ട് മുൻപ് ഉമ്മൻ ചാണ്ടി ബാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 1 കോടി രൂപാ അനുവദിച്ചത്. പതിനേഴ് വാർഡുകളുള്ള പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ പ്രാഥമികാരോഗ്യകേന്ദ്രം പതിറ്റാണ്ടുകളായി അവഗണനയിലായിരുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്ഥലം എം.എൽ.എ കൂടിയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യ കേന്ദ്രത്തിൻ്റെ പരിമിതികൾ മെഡിക്കൽ ഓഫീസറും ജനപ്രതിനിധികളും ചേർന്ന് ചൂണ്ടിക്കാണിച്ചപ്പോൾ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകാമെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മറ്റിയും നിവേദനം നൽകിയിരുന്നു.