കൊല്‍ക്കത്ത: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമം. പശ്ചിമബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരായ രണ്ട് ടിഎംസി അംഗങ്ങള്‍ ഇന്ന് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും.സത്യപ്രതിജ്ഞാ വേദി സംബന്ധിച്ച ആശയക്കുഴപ്പം ഇതോടെ മാറി. ഗവര്‍ണര്‍ സിവി ആനന്ദ ബോസ്, ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെ റായത്ത് ഹൊസൈന്‍ സര്‍ക്കാരിനെയും സയന്തിക ബാനര്‍ജിയെയും നിയമസഭയില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ അധികാരപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ തടസ്സം പരിഹരിക്കാന്‍ സ്പീക്കര്‍ രാഷ്ട്രപതി പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ഭഗബംഗോളയില്‍ നിന്നാണ് ഹൊസൈന്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടത്, ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബാനര്‍ജി നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരാനഗര്‍ സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ മാസം രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ രണ്ട് എംഎല്‍എമാരെയും ക്ഷണിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരു ചട്ടമില്ലെന്ന് പറഞ്ഞ് ടിഎംസി അംഗങ്ങള്‍ അതിന് തയ്യാറായില്ല. ഉപതെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ ഗവര്‍ണര്‍ സ്പീക്കറെയോ, ഡെപ്യൂട്ടി സ്പീക്കറെയോ ചുമതലപ്പെടുത്തിയാല്‍ മതിയെന്നും അംഗങ്ങള്‍ പറഞ്ഞു. ഗവര്‍ണര്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ നിയമസഭാ സമുച്ചയത്തില്‍ പ്രതിഷേധം നടത്തിയിരുന്നു.