ന്യൂഡല്‍ഹി : ബി.ജെ.പിയുടെ സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു. കേരള പ്രഭാരിയായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ തുടരും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് പുതിയ പദവികളിലേക്ക് നിയമനം നടത്തിയത്. കേരളത്തിലെ സഹപ്രഭാരിയായി അപരാജിത സാരംഗിയും തുടരും.
തൃശൂരില്‍ പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായതും സംസ്ഥാനത്തെ പാർട്ടിയുടെ വോട്ടു വിഹിതത്തില്‍ മെച്ചപ്പെട്ട വർദ്ധനയുണ്ടായതും കണക്കിലെടുത്താണ് ബി.ജെ.പിയുടെ തീരുമാനമെന്നാണ് സൂചന. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന അനില്‍ ആന്റണിയെ നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ് കോ-ഓർഡിനേറ്ററായി നിയമിച്ചു. ഇടവേളയ്ക്ക് ശേഷമാണ് മുരളീധരന് ദേശീയ ചുമതല ലഭിക്കുന്നത്. സാംബിത് പത്രയാണ് കോ- ഓർഡിനേറ്റർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരിയാന, ജാർഖണ്ഡ്, ജമ്മു കാശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ് സംസ്ഥാന പ്രഭാരിമാരെയും സഹപ്രഭാരിമാരെയും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നിയമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സംസ്ഥാനങ്ങളില്‍ തിരുത്തല്‍ നടപടികള്‍ക്കും പ്രഭാരിമാർ മേല്‍നോട്ടം വഹിക്കും.