ന്യൂഡൽഹി : ആനക്ഷാമമുള്ള കേരളത്തിലേക്ക് ലക്ഷണമൊത്ത നാട്ടാനകളെ തേടി അരുണാചല്‍പ്രദേശിലും മറ്റും മലയാളികള്‍ അലയുന്നു.ആനകളെ സംസ്ഥാനാതിർത്തി കടത്താൻ കേന്ദ്രസർക്കാർ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. ഏജന്റുമാരും പരിചയക്കാരും മുഖേനയാണ് പുറപ്പാട്. വഞ്ചിക്കപ്പെടാൻ സാദ്ധ്യതയേറെ. ചിലതിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റില്ലെങ്കില്‍ മറ്റു ചിലത് മൈക്രോചിപ്പ് ഘടിപ്പിക്കാത്തവയാണ്. കേരളത്തിലെ നാട്ടാനകളെല്ലാം ചിപ്പ് ഘടിപ്പിച്ചവയാണ്.
രണ്ടായിരാമാണ്ടില്‍ കേരളത്തില്‍ എഴുന്നള്ളിപ്പിനുള്ള ആയിരത്തിലധികം കൊമ്ബന്മാർ ഉണ്ടായിരുന്നു. ഇപ്പോള്‍ 400 മാത്രം. പ്രവാസി വ്യവസായി എറണാകുളം ശിവക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന് അപേക്ഷ നല്കി രണ്ടുമാസം കഴിഞ്ഞു. ഇഷ്ടപ്പെട്ട ആനയ്ക്കായി അന്വേഷണത്തിലാണ്. ചില ക്ഷേത്രങ്ങള്‍ നേരിട്ടും അന്വേഷിക്കുന്നുണ്ട്. കേന്ദ്രനിയമം ഭേദഗതി ചെയ്തെങ്കിലും ചട്ടങ്ങള്‍ ഇറക്കാത്തതും നൂലാമാലയാണ്. പരിഹാരത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്.