പത്തനംതിട്ട :
കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച കോന്നിത്താഴം അട്ടച്ചാക്കൽ സ്വദേശി സജു വർഗീസിന്റെ കുടുംബത്തിനുള്ള ധനസഹായം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് സജു വർഗീസിന്റെ ഭാര്യ ബിന്ദു അനു സജുവിന് നൽകിയത്.
പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്.
സജു വർഗീസിന്റെ മക്കളായ ഏഞ്ചലിന്റെയും എമിലിന്റെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെൻറർ മാനേജർ സഫറുള്ള, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.