ദില്ലി:ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരം കെ എസ് ആർ ടി സി ക്കാണെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നു.ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും വേണ്ടത്ര ബസുകൾ ഇല്ലെന്നും എന്ന വാദം തെറ്റാണ്. സർക്കാർ ഉത്തരവ് പ്രകാരമാണ് പ്രത്യേക ചാർജ്ജ് ഈടാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സ്കീം നിലവിൽ സംസ്ഥാനത്ത് ഇല്ല. ഇങ്ങനെ സർവീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.