മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ താമിര്‍ ജിഫ്രിയുടെ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടത്തലുകള്‍ ശരിവെച്ച് എയിംസ്.സിബിഐ സംഘമാണ് ഡല്‍ഹി എയിംസിന്റെ സഹായം തേടിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് പരിശോധന ഫലങ്ങളുമാണ് സിബിഐ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പോസ്റ്റുമോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോകളും ഫോറന്‍സിക് സര്‍ജന്റെ കുറിപ്പുകളും ഡിജിറ്റല്‍ രേഖകളും പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ഫോറന്‍സിക് സര്‍ജന്റെ കണ്ടത്തലുകള്‍ ശരിവെച്ചിരിക്കുകയാണ് എയിംസ് വിദഗ്ദ്ധ സംഘം. കൊല്ലപ്പെട്ട താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിന് ഇരയായെന്നും മര്‍ദനം മരണത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഈ കണ്ടെത്തലുകളാണ് എയിംസ് വിദഗ്ധ സംഘവും ശരിവെച്ചിരിക്കുന്നത്.
നേരത്തെ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന സിബിഐ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മര്‍ദനത്തിലാണ് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടതെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മയക്കുമരുന്ന് കഴിച്ചിരുന്നെങ്കിലും അത് മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. പൊലീസ് ഉന്നതരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചാവും സിബിഐ അന്വേഷണം. മറ്റൊരു സബ് ഡിവിഷണല്‍ പരിധിയില്‍ നിന്നാണ് ഡാന്‍സാഫ് സംഘം താമിര്‍ ജഫ്രിയെ പിടികൂടിയത്. ഇത് എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നിയുടെ എന്നിവരുടെ അനുമതി ഇല്ലാതെ കഴിയില്ല എന്നാണ് സിബിഐയുടെ നിഗമനം. 2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.