കൊല്ലം: മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളില്‍ രഹസ്യവിവരങ്ങള്‍ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങള്‍ ലഭിക്കും.മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നല്കുന്ന പൊതുജനങ്ങള്‍ക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു. കേന്ദ്രസർക്കാർ 2017-ല്‍ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്ത് തുക നല്കാൻ പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല. ആരും അപേക്ഷ നല്‍കാറുമില്ല. ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍നിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്.
പാരിതോഷികം മുപ്പതിനായിരം രൂപമുതല്‍ രണ്ടുലക്ഷം രൂപവരെയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പ് നല്‍കണം. ഇത് പിന്നീട് കേന്ദ്ര നർക്കോട്ടിക് കണ്‍ട്രോള്‍ബ്യൂറോയില്‍നിന്ന് ലഭിക്കും. പാരിതോഷികം അനുവദിക്കാൻ രണ്ടുതലത്തില്‍ സംവിധാനമുണ്ടാകും. വിവരങ്ങള്‍ പരിശോധിച്ച ജീവനക്കാർക്ക് 30,000 രൂപവരെയും വിവരദായകർക്ക് 60,000 രൂപവരെയും പാരിതോഷികം നല്കാൻ പോലീസ് ആസ്ഥാനത്തെ ഐ.ജി.യെ ചുമതലപ്പെടുത്തി.സംസ്ഥാന ആഭ്യന്തരവകുപ്പിലെ ജോയിൻറ് സെക്രട്ടറി/അഡീഷണല്‍ സെക്രട്ടറി, പോലീസ് ആസ്ഥാനത്തെ രണ്ട് എ.ഐ.ജി.മാർ എന്നിവർ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ സമിതി. സർക്കാർ ഉദ്യോഗസ്ഥർക്ക് 30,000 രൂപയ്ക്കുമുകളില്‍ ഒരുലക്ഷം വരെയും വിവരദായകർക്ക് 60,000-നുമുകളില്‍ രണ്ടുലക്ഷം രൂപവരെയുമുള്ള പാരിതോഷികം നല്‍കുന്നത് ഈ സമിതിയായിരിക്കും.